ശബരിമല യുവതീപ്രവേശനം ആവശ്യപ്പെട്ട് ഹർജി നൽകിയവർ വിശ്വാസികളല്ലെന്ന് ജസ്റ്റിസ് നാഗരത്ന

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം ആവശ്യപ്പെട്ട് ഹർജി നൽകിയവർ വിശ്വാസികളല്ലെന്ന് ജസ്റ്റിസ് നാഗരത്ന. സുപ്രീംകോടതിയിൽ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിധിയെ എതിർക്കുന്നവരുടെ വാദത്തിനിടെയാണ് ജസ്റ്റിസ് നാഗരത്ന ഇങ്ങനെ അഭിപ്രായപ്പെട്ടത്. പലവിധ അജണ്ടകളുമായി ചിലർ പൊതുതാൽപര്യഹർജി സമർപ്പിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും പറഞ്ഞു. ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഇന്നത്തെ വാദം കേൾക്കലും പൂർത്തിയാക്കി.
‘യുവതീപ്രവേശനം ആവശ്യപ്പെട്ട ഹർജിക്കാരാരും വിശ്വാസികളല്ല. വിശ്വാസികളാരും യുവതീപ്രവേശനം ആവശ്യപ്പെട്ട് ഈ കോടതിയെ സമീപിച്ചിട്ടുമില്ല. ആരാണീ ഹർജിക്കാർ?’ ജസ്റ്റിസ് നാഗരത്ന ചോദിച്ചു. യംഗ് ലോയേഴ്സ് അസോസിയേഷനാണ് അതെന്ന് കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
ശബരിമല ആചാരങ്ങൾ സമൂഹത്തിന് ഹാനികരമല്ല എന്നും ഭരണഘടനാ മൂല്യങ്ങളെ ബാധിക്കില്ലെന്നും സോളിസിറ്റർ ജനറൽ വാദിച്ചു. ശബരിമലയിലെത്തുന്ന ഭക്തരുടെ ആചാരമാണിതെന്ന് കേന്ദ്രം വാദിച്ചു. ഒരുകൂട്ടം ജനങ്ങളുടെ ധാർമ്മികതയാണ് അവിടെ പാലിക്കുന്നത്. അവർ സ്വയം തീരുമാനിച്ചതാണതെന്നും ആർക്കും ദോഷം ചെയ്യുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
നേരത്തെ സോളിസിറ്റർ ജനറൽ വാദം തുടർച്ചയായി തടസപ്പെടുത്തുന്നെന്ന് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ കോടതിയിൽ പറഞ്ഞിരുന്നു. അദ്ദേഹവും സോളിസിറ്റർ ജനറലും തമ്മിൽ തർക്കവുമുണ്ടായിരുന്നു. പുനഃപരിശോധന ഹർജികളെ പിന്തുണയ്ക്കുന്നവരുടെ വാദം നാളെ അവസാനിക്കുകയാണെങ്കിൽ തങ്ങളുടെ അധ്വാനത്തിന് എന്താണ് സംഭവിക്കുക എന്ന ചോദ്യമാണ് ധവാൻ ചോദിച്ചത്.



