എൽഡിഎഫിലെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി ജോസ് കെ മാണി , അപ്രതീക്ഷിത നീക്കം വികസന മുന്നേറ്റ യാത്രയിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. റോഷി അഗസ്റ്റിൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയുടെ കട്ടപ്പനയിലെ സമാപന വേദിയിലായിരുന്നു അപ്രതീക്ഷിത പ്രഖ്യാപനം. റോഷി അഗസ്റ്റിൻ തന്നെ ഇടുക്കിയിൽ മത്സരിക്കുമെന്ന് ജോസ് കെ.മാണി വ്യക്തമാക്കി. ഇടുക്കിയുടെ വികസന നായകൻ റോഷി തന്നെയായിരിക്കുമെന്നും മണ്ഡലത്തിൽ അദ്ദേഹത്തിന് ബദലായി മറ്റൊരു പേരില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.റോഷി അഗസ്റ്റിൻ ഇടുക്കിയിൽ വീണ്ടും മത്സരിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.
എന്നാൽ മുന്നണിയിലെ സ്ഥാനാർത്ഥി ചർച്ചകൾ അവസാനിക്കും മുമ്പെയാണ് ജോസ് കെ. മാണിയുടെ പരസ്യ പ്രഖ്യാപനം. കേരള കോൺഗ്രസ് എമ്മിന്റെ എല്ലാ എം.എൽ.എമാരും ഇക്കുറിയും മത്സരിക്കുമെന്ന് ജോസ് വിശദമാക്കി. നിലവിലെ മണ്ഡലങ്ങളിൽ തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാൽ നൂറ്റാണ്ടായി ഇടുക്കിയിലെ എം.എൽ.എയായി തുടരുന്ന റോഷി അഗസ്റ്റിൻ തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. 2021ൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ഫ്രാൻസിസ് ജോർജിനെ 5573 വോട്ടുകൾക്കാണ് റോഷി പരാജയപ്പെടുത്തിയത്,



