ജിസ്മോൾ വേഷംമാറി മാനസികാരോഗ്യ കേന്ദ്രത്തിൽ കടന്ന് തെളിവ് ശേഖരിച്ചു, റിപ്പോർട്ടിൽ ഹൈക്കോടതി ഇടപെട്ടു

0

കോട്ടയം: രണ്ട് പിഞ്ചുമക്കളോടൊപ്പം ജീവനൊടുക്കിയ അഡ്വ. ജിസ്മോളുടെ മരണം അവരെ അടുത്തറിയുന്നവർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ് മോള്‍ തോമസ് (32), മക്കളായ നേഹ മരിയ (നാല്), നോറ ജിസ് ജിമ്മി (ഒന്ന്) എന്നിവരാണ് ചൊവ്വാഴ്ച ഏറ്റുമാനൂർ പേരൂര്‍ പള്ളിക്കുന്ന് പള്ളിക്കടവിൽനിന്ന് മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയത്.

ജിസ്മോൾ ഏറ്റെടുത്ത ഒരു കേസിന്റെ ആവശ്യാർഥം അവർ നടത്തിയ സാഹസിക ഇടപെടലും അന്ന് കൂടെ പ്രവർത്തിച്ചവർ ഓർക്കുന്നു. ഭർത്താവ് അന്യായമായി മാനസികാരോഗ്യ കേന്ദ്രത്തിലാക്കി പൂട്ടിയിട്ട യുവതിയെ കാണാൻ വേഷംമാറി ജിസ്മോൾ അവിടെ ചെന്നതായി സഹപ്രവർത്തകർ പറയുന്നു. യുവതിയുടെ ഭർത്താവിനെ കാണാനോ ആശുപത്രിയിൽ പ്രവേശിക്കാനോ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു ജിസ്മോളുടെ സാഹസിക ഇടപെടൽ.

തുടർന്ന് ഇവർ നൽകിയ റിപ്പോർട്ട് അനുസരിച്ച് ജസ്റ്റിസ് വിനോദ്ചന്ദ്രൻ വിഷയം പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അമിക്കസ് ക്യൂറി നേരിട്ട് ആശുപത്രിയിൽ എത്തി യുവതിയെ കാണുകയും ചികിത്സാരേഖകൾ ശേഖരിക്കുകയും ചെയ്തു. കൂടാതെ മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാർക്ക് മുന്നിൽ ഹാജരാക്കി പരിശോധിപ്പിച്ചു. ഇതിന്‍റെയെല്ലാം വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഹൈകോടതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.

ഇതോടെ പരാതിക്കാരിയോട് ഹാജരാകാൻ നിർദേശിച്ച ജഡ്ജി അവരോട് നേരിട്ട് സംസാരിച്ചു. തുടർന്നാണ് മോചനത്തിന് ഉത്തരവായത്. ഇതിലെല്ലാം അഡ്വ. ജിസ്മോളുടെ പങ്ക് നിർണായകമായിരുന്നെന്ന് ഹൈകോടതി അഭിഭാഷകർ ഓർക്കുന്നു. അത്തരത്തിൽ ഇടപെടൽ നടത്തിയ ജിസ്മോളുടെ ആത്മഹത്യ ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

‘ആത്മഹത്യ ചെയ്തതിന്‍റെ തലേദിവസം ആ വീട്ടിൽ എന്താണ് നടന്നതെന്ന് പുറംലോകമറിയണം’


ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നും മകൾ മാനസികപീഡനം നേരിട്ടിരുന്നുവെന്നും ആത്മഹത്യ ചെയ്തതിന്‍റെ തലേദിവസം ആ വീട്ടിൽ എന്താണ് നടന്നതെന്ന് പുറംലോകമറിയണമെന്നും ജിസ്മോളുടെ പിതാവ് മുത്തോലി പടിഞ്ഞാറ്റിൻകര പി.കെ. തോമസ് പറഞ്ഞു. ഭർത്താവ് ജിമ്മി മർദിച്ചിരുന്നതായും ജിസ്മോൾ നേരിട്ടത് ക്രൂരപീഡനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരണവിവരമറിഞ്ഞ് യു.കെയിൽനിന്ന് നാട്ടിലെത്തിയ തോമസും ജിസ്മോളുടെ സഹോദരൻ ജിറ്റു പി. തോമസും മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

‘‘നീതിക്കായി ഏതറ്റംവരെയും പോകും. യു.കെയിൽനിന്ന് വിഷുദിവസം മകളെ വിളിച്ചിരുന്നു. ഫോണെടുത്തില്ല. നേരത്തേ ഒരുദിവസം മകളുടെ തലയിൽ ഒരു പാട് ഉണ്ടായിരുന്നു. ചോദിച്ചപ്പോൾ വാതിലിൽ തട്ടിയതാണെന്ന് പറഞ്ഞു. പിന്നീടാണ് ഭർത്താവ് മർദിച്ചതാണെന്ന് വെളിപ്പെടുത്തിയത്. പപ്പ ഇക്കാര്യം ചോദിച്ച് വിളിച്ചാൽ പിന്നെ തനിക്ക് അവിടെ നിൽക്കാൻ പറ്റില്ലെന്നും മകൾ പറഞ്ഞിരുന്നു’’ -പിതാവ് പറഞ്ഞു.

ഒരാഴ്ചമുമ്പ് ചേച്ചിയെ വിളിച്ചപ്പോഴും പോസിറ്റിവായാണ് സംസാരിച്ചതെന്ന് സഹോദരൻ ജിറ്റു പറഞ്ഞു. ‘‘അന്ന് ഭർത്താവിനെയും കുട്ടികളെയും കൂട്ടി വിമാനയാത്ര ചെയ്യാനുള്ള ആഗ്രഹമെല്ലാം പങ്കുവെച്ചിരുന്നു. ചേച്ചി ഒരിക്കലും ആത്മഹത്യ ചെയ്യില്ല. എനിക്ക് എന്തെങ്കിലും വിഷമം വന്നാൽ ആദ്യം വിളിക്കുന്നത് ചേച്ചിയെയാണ്. എന്‍റെ ഭാര്യ ഞായറാഴ്ചയാണ് ചേച്ചിയെ അവസാനം വിളിച്ചത്. അന്ന് ചേച്ചിയുടെ സുഹൃത്തിന്‍റെ കല്യാണത്തിന് പോയിട്ട് വന്ന് ക്ഷീണിച്ചിരിക്കുകയാണെന്നാണ് പറഞ്ഞത്. ഞായറാഴ്ച വൈകീട്ട് ആ വീട്ടിൽ എന്തോ പ്രശ്നമുണ്ടായിട്ടുണ്ട്. അത് കണ്ടുപിടിക്കണം. സംഭവത്തിൽ ഭർത്താവിന്‍റെ കുടുംബാംഗങ്ങൾക്കും പങ്കുണ്ട്. ജിമ്മിയുടെ മൂത്ത സഹോദരി, ഭർതൃമാതാവ് എന്നിവരിൽനിന്നെല്ലാം മാനസികപീഡനം നേരിടേണ്ടിവന്നു. ജിമ്മി പലപ്പോഴും കുത്തുവാക്കുകൾ പറഞ്ഞ് നോവിച്ചു’’ -സഹോദരൻ ആരോപിച്ചു.

ചേച്ചി അഭിഭാഷക ഓഫിസ് തുടങ്ങിയതിന് ഭർത്താവ് പൈസ കൊടുത്തിരുന്നു. എന്നാൽ, ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ അയാൾ പൈസ തിരികെ ആവശ്യപ്പെട്ടുതുടങ്ങി. ഒടുവിൽ ഒരു കേസ് കഴിഞ്ഞ് ചേച്ചി ആ പൈസ തിരികെ കൊടുത്തു. ചേച്ചിയെ തങ്ങളുടെ ബന്ധുക്കളുടെ വീടുകളിലെ ചടങ്ങുകളിലേക്കൊന്നും ഭർത്താവ് വിട്ടിരുന്നില്ല -ജിറ്റു പറഞ്ഞു. വിശദ അന്വേഷണം ആവശ്യപ്പെട്ട് ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുമെന്നും ഇവർ പറഞ്ഞു. ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ശനിയാഴ്ച പാലാ പള്ളിച്ചിറ ചെറുകര സെന്‍റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ നടക്കും.

എസ് ഐ സന്തോഷേ… ആ പഴയ റോഡല്ല.. ഈ റോഡ്! പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി മന്ത്രി മുഹമ്മദ് റിയാസിന്റെ എഫ്ബി പോസ്റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here