’80 ശതമാനവും ബിജെപിക്കാരനാണ്; പൂർണമായി യോജിക്കാൻ കഴിയാത്തതിനാലാണ് ട്വന്റി 20യിൽ ചേർന്നത്’

കൊച്ചി: ബിജെപിയുടെ നിലപാടുകളോട് പൂർണമായും യോജിക്കാൻ സാധിക്കാത്തതിനാലാണ് ട്വന്റി 20യിൽ ചേർന്നതെന്ന് അഖിൽ മാരാർ. താൻ 80 ശതമാനവും ബിജെപിക്കാരനാണെന്നും കോൺഗ്രസ് നേതാക്കൾ സീറ്റ് നൽകാമെന്ന് പറഞ്ഞതിന് തെളിവുണ്ടെന്നും അഖിൽ മാരാർ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അഖിൽ മാരാരുടെ പ്രതികരണം.
80 ശതമാനത്തോളം ബിജെപിയുടെ താൽപര്യങ്ങളോട് എനിക്ക് യോജിപ്പുണ്ടെങ്കിലും ചില കാര്യങ്ങളിൽ എതിർപ്പുണ്ട്. അതുകൊണ്ടാണ് ട്വന്റി 20യിൽ ചേർന്നത്. ട്വന്റി 20യുടെ ആശയങ്ങളോട് പണ്ട് മുതലേ എനിക്ക് യോജിപ്പുണ്ടായിരുന്നു. എന്നാൽ അന്ന് അവരുടെ പ്രവർത്തനങ്ങൾ ജില്ലയ്ക്ക് പുറത്തേക്ക് സജീവമായിരുന്നില്ല. ജനങ്ങൾക്ക് ഉപകാരപ്രദമായ ബിജെപിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകും’- അഖിൽ മാരാർ പറഞ്ഞു.രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവും ഉൾപ്പടെയുള്ള നേതാക്കൾ കോൺഗ്രസിലേക്ക് ക്ഷണിച്ചിരുന്നെന്നും അഖിൽ മാരാർ പറഞ്ഞു.
കോൺഗ്രസിലേക്ക് ക്ഷണം ലഭിച്ചെന്ന് പറയുന്നത് കള്ളമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ തന്റെ ഫോണിൽ അതിന്റെ തെളിവുണ്ടെന്നും അഖിൽ മാരാർ പറഞ്ഞു. ഇന്നലെ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അഖിൽമാരാർക്ക് ട്വന്റി 20യിൽ ഔദ്യോഗിക അംഗത്വം നൽകിയതായി പ്രസിഡന്റ് സാബു ജേക്കബ് പ്രഖ്യാപിച്ചത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥിയായി അഖിൽമാരാർ മത്സരിക്കുമെന്നാണ് സൂചന.



