ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുന്നതിനിടെ ഒരാൾ രണ്ട് വോട്ട് ചെയ്‌തതായി വിവരം

നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുന്നതിനിടെ ഒരാൾ രണ്ട് വോട്ട് ചെയ്‌തതായി വിവരം. എയുപിഎസ് തണ്ണിക്കടവ് രണ്ടാം ബൂത്തിലാണ് രണ്ട് വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ, ഇത് അബദ്ധത്തിൽ സംഭവിച്ചതെന്നാണ് പ്രിസൈഡിംഗ് ഓഫീസർ പറയുന്നത്.

ബാലറ്റിൽ വോട്ട് ചെയ്‌തതിന് ശേഷം രണ്ടാമത്തെ ആൾക്ക് വോട്ട് ചെയ്യാനായി ബാലറ്റ് ഇഷ്യു ചെയ്‌തു. ഈ സമയം ആദ്യം വോട്ട് രേഖപ്പെടുത്തിയയാൾ വോട്ട് പതിഞ്ഞില്ല എന്ന് കരുതി വീണ്ടും വോട്ട് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ റിട്ടേണിംഗ് ഓഫീസർക്ക് റിപ്പോർട്ട് കൈമാറുമെന്ന് പ്രിസൈഡിംഗ് ഓഫീസർ പറഞ്ഞു.അതേസമയം, നിലമ്പൂരിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പോളിംഗ് 20 ശതമാനം കടന്നുവെന്നാണ് റിപ്പോർട്ട്. പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്തുപേരാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

ഹോംവോട്ടിംഗ് അനുമതി ലഭിച്ച 1254 പേർക്കുള്ള വോട്ടെടുപ്പ് ജൂൺ 16ന് പൂർത്തിയായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 23നാണ് വോട്ടെണ്ണൽ.ആകെ 2,32,384 വോട്ടർമാരാണ് നിലമ്പൂരിൽ ഉള്ളത്. പുരുഷ വോട്ടർമാർ 1,13,613. വനിതാ വോട്ടർമാർ 1,18,760, ട്രാൻസ്‌ജെൻഡർ വോട്ടർമാർ എട്ട്, ഇതിൽ 7787 പേർ പുതിയ വോട്ടർമാരാണ്. പ്രവാസി വോട്ടർമാർ 373, സർവീസ് വോട്ടർമാർ 324. സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും സജ്ജമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *