ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തപ്പെട്ട ചിഹ്നത്തില്‍ മത്സരിക്കുന്നത് അഭിമാനം

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി രമേശ് പിഷാരടി. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് താര സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം. അരങ്ങിലെ കലാപരിപാടികള്‍ക്ക് അര്‍ദ്ധവിരാമമിട്ടുകൊണ്ട് ജന്മനാടിന്റെ ജനവിധി തേടി പോകുന്നു എന്നാണ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജനവിധി തേടി ജന്മനാട്ടിലേക്ക്

പ്രിയപെട്ടവരെ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി വേദികളിലൂടെയും ടെലിവിഷന്‍- സിനിമ- മറ്റുമാധ്യമങ്ങളിലൂടെയും നിങ്ങള്‍ക്ക് മുന്നിലെത്തിയ ആളാണ് ഞാന്‍. ഇക്കാലമത്രയും ചിന്തയും ചിരിയും ഏറ്റവും സഭ്യവും മാന്യവുമായി പങ്കുവയ്ക്കാനായെന്ന് വിശ്വസിക്കുന്നു. ഇനി പുതിയ ഒരു ഉത്തരവാദിത്വവമുയി ജന്മനാടായ പാലക്കാടിന്റെ മണ്ണിലേക്ക്, നിയമസഭാ സ്ഥാനാര്‍ഥി ആയി.സ്വാതന്ത്ര്യസമരം മുതല്‍ ‘ഇന്ത്യ’ എന്ന മഹാരാജ്യം, മതേതരരാജ്യം കെട്ടിപ്പാടുക്കുന്നതില്‍ ഒറ്റയ്ക്ക് നിലകൊണ്ട കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിനൊപ്പം.

അരനൂറ്റാണ്ടിലധികം കാലംകൊണ്ട് ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ വോട്ട് അടയാളപെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുക. അഭിമാനം, സന്തോഷം. ഇനി പാലക്കാടുള്ള ജനങ്ങള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കും തന്നെയാണ് എന്റെ പ്രഥമ പരിഗണന. അരങ്ങില്‍ ഞാന്‍ അവതരിപ്പിക്കുന്ന കലാപരിപാടികളില്‍നിന്ന് അര്‍ദ്ധ വിരാമം.കക്ഷി രാഷ്ട്രീയത്തിന്റെയോ, വിശ്വാസങ്ങളുടെയോ ദേശത്തിന്റെയോ വേര്‍തിരിവും വേലികളുമില്ലാത്ത സ്നേഹമാണ് ഞാന്‍ നിങ്ങളില്‍നിന്ന് അനുഭവിച്ചത്. എനിക്ക് തന്ന സ്‌നേഹം തിരികെ തരാന്‍ കഠിനപ്രയത്നം ചെയ്യും. കഴിഞ്ഞ കാലങ്ങളില്‍ എന്നപോലെ ഒപ്പം നിങ്ങള്‍ ഉണ്ടെന്ന വിശ്വാസത്തോടെ…

സ്നേഹത്തോടെ

Related Articles

Leave a Reply

Your email address will not be published. Required fields are marked *