തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ കാണാന്‍ മാതാവ് ഷെമി ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇവരെ സന്ദര്‍ശിച്ച ബന്ധുക്കളോടാണ് ഷെമി ആഗ്രഹം പറഞ്ഞത്. അന്വേഷണത്തില്‍ സാമ്പത്തികക്കുറ്റം കൂടി ഉള്‍പ്പെടുത്തി പുതിയ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. പ്രതി അഫാന്റെ കടബാധ്യത, കുടുംബത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് നിലവില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അഫാന്റെ കുടുംബം സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും പണം കടം വാങ്ങിയതിന്റെ വിവരങ്ങള്‍ പൊലീസിന് ഇതിനകം ലഭിച്ചിട്ടുണ്ട്. പലിശ ഇനത്തില്‍ ഇവര്‍ അഫാന്റെ കുടുംബത്തില്‍നിന്ന് വന്‍തുക ഈടാക്കിയെന്ന വിവരത്തെ തുടര്‍ന്നാണ് പുതിയ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ നീക്കം. അതായത് അഫാനും അമ്മയ്ക്കും പണം കൊള്ളപലിശയ്ക്ക് കടം കൊടുത്തവരും കുടുങ്ങും. പ്രതിമാസം വലിയതുക പലിശ ഇനത്തില്‍ അഫാന്റെ കുടുംബം നല്‍കിയിട്ടുണ്ടെന്ന രേഖകളും പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണു വിവരം.
വെഞ്ഞാറമൂട്ടിലെ ബ്ലെഡ് മാഫിയയും കുടുക്കിലേക്ക് പോവുകയാണ്.അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യസ്ഥിതി ഇനിയും മെച്ചപ്പെട്ടിട്ടില്ല. വീണ്ടും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. പ്രത്യേക സംരക്ഷണ കേന്ദ്രത്തിലാണ് ഷെമി ഇപ്പോള്‍ കഴിയുന്നത്. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടെങ്കിലും പൂര്‍ണമായി മെച്ചപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയിരുന്നു. ആഹാരം കഴിക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ട് തുടരുകയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ ഇളയമകന്‍ അടക്കം ബന്ധുക്കളായ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി ഷെമിയെ അറിയിച്ചു. എന്നാല്‍ മൂത്തമകന്‍ അഫാനാണ് എല്ലാവരെയും കൊലപ്പെടുത്തിയത് തുടങ്ങിയ വിവരങ്ങള്‍ പറഞ്ഞിട്ടില്ല. ഇളയ മകന്‍ അഫ്‌സാനടക്കം വാഹനാപകടത്തില്‍ മരണപ്പെട്ടു എന്നാണ് പോലീസിന്റെ നിര്‍ദേശപ്രകാരം ഡോക്ടര്‍ അറിയിച്ചത്. സംഭവം കേട്ടയുടന്‍ മൂത്തമകന്‍ അഫാനെ കാണണമെന്നായിരുന്നു ഷെമി പ്രതികരിച്ചത്. ഇപ്പോഴും അത് തുടരുകയാണ്. കേസിലെ പ്രതിയായ മകന്‍ അഫാന്റെ ആക്രമണത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മാതാവ് ഷെമി.