വെടിനിർത്തൽ ചർച്ചകള്‍ക്കിടയിലും ഗസ്സയിൽ ഇസ്രായേലിന്റെ അതിക്രൂരത;72 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: വെടിനിർത്തൽ ചർച്ച തുടരുന്നതായ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിനിടയിലും ഗസ്സയിൽ വ്യാപക കുടിയൊഴിക്കലും ആക്രമണവും തുടർന്ന് ഇസ്രായേൽ. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ 72 പേർ കൊല്ലപ്പെട്ടു. 66 ഫലസ്തീൻ കുട്ടികൾ ഇതിനകം പോഷകാഹാരക്കുറവുമൂലം മരണപ്പെട്ടതായി ഗസ്സയിലെ സർക്കാർ മീഡിയ ഓഫീസും അറിയിച്ചു.ഭക്ഷണത്തിന് കാത്തിരുന്നവർക്ക് നേരെ ഇന്നലെയും വെടിവെപ്പ് നടന്നു.


വെടിനിർത്തൽ കരാർ ഉടൻ നടപ്പാക്കണം എന്നാവശ്യപ്പെട്ട് തെൽ അവിവിലും ജറുസലേമിലും ആയിരങ്ങൾ തെരുവിലിറങ്ങി. ബന്ദികളെ കൊലക്ക് കൊടുക്കാനുള്ള പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനും ബന്ധുക്കൾ തീരുമാനിച്ചു.

കൂട്ടകുടിയൊഴിപ്പിക്കൽ നടപടിയുമായി ഇസ്രായേൽ സേന മുന്നോട്ടു പോവുകയാണ്. വടക്കൻ ഗസ്സയിൽനിന്നും മധ്യ ഗസ്സയിൽനിന്നും വീടുവിട്ടുപോകാന്‍ ഫലസ്തീനികൾക്ക് അന്ത്യശാസനം നല്‍കി. പതിനായിരങ്ങൾ കഴിയുന്ന ജബാലിയ അഭയാർഥി ക്യാമ്പ് സമ്പൂർണമായി ഒഴിയണമെന്നും സൈന്യം ഉത്തരവിട്ടു. വടക്കൻ, മധ്യ ഗസ്സയിലെ മേഖലകളിൽ സൈനിക നീക്കം ശക്തമാക്കുകയാണെന്നും എല്ലാവരും തെക്കൻ ഗസ്സയിലെ അൽമവാസിയിലേക്ക് നാടുവിടണമെന്നുമാണ് അന്ത്യശാസനം. 56,000 പിന്നിട്ട മരണസംഖ്യ വീണ്ടും കുത്തനെ ഉയരുന്നതിനിടെയാണ് ഇസ്രായേൽ സൈന്യത്തിന്റെ പുതിയ നീക്കം.

ഇസ്രായേൽ നയകാര്യ മന്ത്രി റോൺ ഡെർമർ നാളെ യു.എസിലെത്തും. ഇന്നലെ രാത്രി വിളിച്ചുചേർത്ത ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം ഭാഗിക വെടിനിർത്തലുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതായാണ് സൂചന. ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യം പൂർണമായി പിൻവാങ്ങിയാൽ എല്ലാ ബന്ദികളെയും വിട്ടയക്കാമെന്ന് ഹമാസ് അറിയിച്ചു. താൽക്കാലിക വെടിനിർത്തലിനു പകരമായി മുഴുവൻ ബന്ദികളെയും വിട്ടയക്കാൻ തങ്ങൾ സന്നദ്ധത അറിയിച്ചതായി ചില വാർത്താ ഏജൻസികൾ നൽകിയ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും ഹമാസ് വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *