വീണ്ടും യുദ്ധഭീതിയിൽ പശ്ചിമേഷ്യ, ഹൂതി വിമതരെ ലക്ഷ്യമിട്ട് ഇസ്രയേൽ

ടെൽ അവീവ്∙ ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി പുകയുന്നു. യെമൻ തലസ്ഥാനമായ സനയിൽ ഞായറാഴ്ച ഇസ്രയേൽ വ്യാപക മിസൈൽ ആക്രമണം നടത്തി. ഹൂതി വിമതരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സനയിലെ ഇന്ധന കേന്ദ്രങ്ങൾക്കും ഇസ്രയേൽ ആക്രമണത്തിൽ കേടുപാടുകൾ പറ്റി. ഇസ്രയേലിലേക്ക് മിസൈലുകൾ വിക്ഷേപിച്ചതായി ഹൂതികൾ അവകാശപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് പ്രത്യാക്രമണം ഉണ്ടായത്.
തലസ്ഥാനമായ സനായിലെ പവർ പ്ലാന്റ്, ഗ്യാസ് സ്റ്റേഷൻ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിലാണ് ആക്രമണങ്ങൾ ഉണ്ടായതെന്ന് ഹൂതി മാധ്യമ വിഭാഗം അറിയിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപത്തടക്കം വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.
മിസൈൽ ആക്രമണം ഇസ്രയേൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇറാൻ പിന്തുണയുള്ള ഹൂതികൾ കഴിഞ്ഞ 2 വർഷത്തോളമായി ഇസ്രയേലിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുന്നുണ്ട്. ചെങ്കടലിൽ ഇസ്രയേൽ കപ്പലുകളെയും ഹൂതികൾ മുൻപ് ലക്ഷ്യം വച്ചിരുന്നു. ഗാസ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇസ്രയേലിനെതിരെ ഹൂതികൾ ആക്രമണം ആരംഭിച്ചത്.



