ഇറാന്റെ ഇന്റലിജൻസ് മന്ത്രിയെ വധിച്ചതായി ഇസ്രയേൽ; രണ്ടുദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഉന്നത നേതാവ്

ടെൽ അവീവ്: ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്‌മായിൽ ഖാത്തിബിനെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇനിയും സർപ്രൈസുകൾ പ്രതീക്ഷിക്കുകയാണെന്ന് ഖാത്തിബിന്റെ മരണം പ്രഖ്യാപിച്ചുകൊണ്ട് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. അനുമതി തേടാതെതന്നെ മുതിർന്ന ഇറാനിയൻ നേതാക്കളെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അനുവാദം നൽകിയിട്ടുണ്ട്. ഇറാനെ പരാജയപ്പെടുത്തുമെന്നും വേട്ടയാടൽ തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി. എന്നാൽ ഇസ്‌മായിൽ ഖാത്തിബിന്റെ മരണത്തിൽ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഇറാനിയൻ നേതാവാണ് ഖാത്തിബ്. ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാന്റെ സുരക്ഷാ മേധാവിയായ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി (67) കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു.മിസൈൽ ആക്രമണത്തിൽ ലാരിജാനി കൊല്ലപ്പെട്ടതായി കാറ്റ്സ് ആണ് പ്രഖ്യാപിച്ചത്. ആക്രമണത്തിൽ ബസീജ് ഫോഴ്സ് കമാൻഡർ ഗുലാംറെസ സുലൈമാനിയെ വധിച്ചെന്നും കൂട്ടിച്ചേർത്തിരുന്നു. ലാരിജാനിയെ ഇസ്രയേൽ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

വെള്ളിയാഴ്ച പ്രസിഡന്റ് മസൂദ് പെസെ‌ഷ്കിയാനൊപ്പം ടെഹ്‌റാനിൽ നടന്ന അൽ-ഖുദ്‌സ് ദിന റാലിയിലാണ് ലാരിജാനി അവസാനമായി പ്രത്യക്ഷപ്പെട്ടത്.ഇറാൻ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനേയിയുടെ വിശ്വസ്തനായിരുന്നു ലാരിജാനി. ഇറാൻ പ്രതിരോധ സംവിധാനങ്ങളുടെ ബുദ്ധികേന്ദ്രവും ഇയാളായിരുന്നു. യു.എസ്- ഇസ്രയേൽ ആക്രമണത്തിൽ പരമോന്നത നേതാവും മറ്റ് മതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടും രാജ്യത്തെ മുന്നോട്ടുനയിക്കുന്നതിൽ ലാരിജാനി വലിയ പങ്ക് വഹിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *