‘ഇത് കല്യാണമാണോ ക്ഷണിക്കാന്‍’; മോദിയുടെ പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ചവരോട് പ്രതികരിച്ച് പ്രിയങ്ക

കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ഉദ്ഘാടകനായി വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ സമൂഹത്തിന്‍റെ വിവിധ തുറകളില്‍ ഉള്ളവര്‍ എത്തിയിരുന്നു. ചലച്ചിത്ര മേഖലയില്‍ നിന്ന് പരിപാടിക്ക് എത്തിയവരില്‍ നടി പ്രിയങ്ക അനൂപും ഉണ്ടായിരുന്നു.

പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ചും സ്വന്തം രാഷ്ട്രീയ കാഴ്ചപ്പാടിനെക്കുറിച്ചുമൊക്കെ പ്രിയങ്കയോട് അന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയും അവര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് യുട്യൂബ് ചാനല്‍ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് പ്രിയങ്ക.

രാഷ്ട്രീയ നിലപാടിന്‍റെ ഭാ​ഗമായാണോ നരേന്ദ്ര മോദിയെ കാണാന്‍ പോയത് എന്ന ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി ഇങ്ങനെ- “നരേന്ദ്ര മോദി എന്ന് പറയുന്നത് ആരാണ്? ഇന്ത്യന്‍ പ്രധാനമന്ത്രി. ഒരു പ്രധാനമന്ത്രിയെ കാണാന്‍ വേണ്ടി ഞാന്‍ ഒരു പാര്‍ട്ടിയുടെയും ആളാവണമെന്നില്ല.

ഞാന്‍ നാളെയും പോയി കാണും. ഒരു സെല്‍ഫിയും എടുക്കും. എന്‍റെ ആ​ഗ്രഹമാണ് അദ്ദേഹത്തിന്‍റെ കൂടെ ഒരു ഫോട്ടോ എടുക്കുക എന്നുള്ളത്. അത് എന്നെക്കൊണ്ട് പറ്റുകയാണെങ്കില്‍ ഞാന്‍ പോയി എടുക്കും. നരേന്ദ്ര മോദിയെ കാണാന്‍ ആരും ക്ഷണിക്കേണ്ട.

കല്യാണമാണോ ക്ഷണിച്ച് കൊണ്ടുപോകാന്‍”, പ്രിയങ്ക അനൂപ് പറയുന്നു. പ്രധാനമന്ത്രി വന്ന പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ച് സോഷ്യല്‍ മീ‍ഡിയയില്‍ വിമര്‍ശന കമന്‍റുകള്‍ വന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രിയങ്കയുടെ പ്രതികരണം ഇങ്ങനെ- “കമന്‍റ്സ് എത്രയോ വരും. പ്രധാനമന്ത്രിയെ കാണുക എന്നുള്ളത് എല്ലാ പൗരന്മാരുടെയും അവകാശമാണ്. അത് പാര്‍ട്ടി നോക്കിയിട്ടൊന്നുമല്ല. ഞാന്‍ ഇനിയും പോകും”, പ്രിയങ്ക പറയുന്നു.

സിനിമയിലെ സഹപ്രവര്‍ത്തകനായ രമേഷ് പിഷാരടി ജയിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ- “രമേഷ് പിഷാരടി എന്റെ സുഹൃത്താണ്, സഹപ്രവര്ത്തകനാണ്. ജയിക്കുമെങ്കില്‍ ജയിക്കണം. രമേഷ് നല്ല നിലപാടുള്ള ഒരാളാണ്. ജയിക്കാന്‍ പറ്റുന്നെങ്കില്‍ ജയിക്കട്ടെ.

ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നത് ആരെയാണോ, അവര്‍ക്ക് നല്ലത് ചെയ്യുമെന്ന് അവര്‍ കരുതുന്ന ആരാണോ അവര്‍ ജയിക്കും. രമേഷ് വിളിച്ചാല്‍ പാലക്കാട് പ്രചരണത്തിന് പോകും. അത് പാര്‍ട്ടി നോക്കിയിട്ടല്ല. സൃഹൃദ്ബന്ധം നോക്കിയിട്ടാണ്. ഞാന്‍ വോട്ട് ചെയ്യാറുണ്ട്. എനിക്ക് കക്ഷി രാഷ്ട്രീയമല്ല ഉള്ളത്. ഞാന്‍ ജനങ്ങളുടെ കൂടെ നില്‍ക്കുന്ന ആളാണ്”, പ്രിയങ്ക അനൂപ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *