സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന രണ്ട് ജനപ്രിയ നിക്ഷേപ തന്ത്രങ്ങളാണ് എസ്‌ഐപിയും എസ്ഡബ്ല്യൂപിയും. രണ്ടും മ്യൂച്ചല്‍ ഫണ്ടുകളുമായാണ് ബന്ധപ്പെട്ട് കിടക്കുന്നതെങ്കിലും ഇരു നിക്ഷേപ തന്ത്രങ്ങളും നിറവേറ്റുന്നത് വ്യത്യസ്ത ആവശ്യകതകളാണ്.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (SIP)
ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിന് എസ്‌ഐപി അനുയോജ്യമാണ്. തെരഞ്ഞെടുത്ത മ്യൂച്വല്‍ ഫണ്ടില്‍ കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി. ഇത് അച്ചടക്കമുള്ള സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നു. വിപണിയില്‍ ചാഞ്ചാട്ടം ഉണ്ടായാലും ആവറേജ് ചെയ്ത് പോകുന്നതിനാല്‍ ആഘാതം ലഘൂകരിക്കാന്‍ കഴിയും. ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് എസ്‌ഐപി അനുയോജ്യമായ ഒരു നിക്ഷേപ പദ്ധതിയാണ്.
സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പ്ലാന്‍ (SWP)
നിക്ഷേപങ്ങളില്‍ നിന്ന് പതിവായി വരുമാനം നല്‍കുന്ന തരത്തിലാണ് എസ്ഡബ്ല്യൂപി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മ്യൂച്ചല്‍ ഫണ്ടില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ നിശ്ചിത തുക പിന്‍വലിക്കാന്‍ ഇത് അനുവദിക്കുന്നു. ഇത് സ്ഥിരമായ പണത്തിന്റെ ഒഴുക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും എസ്ഡബ്ല്യൂപി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാണ്. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കും തെരഞ്ഞെടുത്ത ഫണ്ടിന്റെ പ്രകടനത്തിനും വിധേയമാണ് ഇതില്‍ നിന്ന് ലഭിക്കുന്ന റിട്ടേണ്‍ എന്ന കാര്യം ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്. വിരമിച്ചവര്‍ക്കോ നിക്ഷേപങ്ങളില്‍ നിന്ന് ആനുകാലിക വരുമാനം തേടുന്ന വ്യക്തികള്‍ക്കോ എസ്ഡബ്ല്യൂപി പ്രയോജനകരമാണ്.
എസ്‌ഐപിയും എസ്ഡബ്ല്യൂപിയും തമ്മിലുള്ള പ്രധാന വ്യത്യാസം
എസ്‌ഐപി ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്നു. പതിവായി വരുമാനം ലഭിക്കുന്ന തരത്തിലാണ് എസ്ഡബ്ല്യൂപി
തെരഞ്ഞെടുത്ത മ്യൂച്വല്‍ ഫണ്ടില്‍ കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി. മ്യൂച്ചല്‍ ഫണ്ടില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ നിശ്ചിത തുക പിന്‍വലിക്കാന്‍ അനുവദിക്കുന്നതാണ് എസ്ഡബ്ല്യൂപി.
നിക്ഷേപകന്റെ ബാങ്കില്‍ നിന്ന് മ്യൂച്ചല്‍ ഫണ്ടിലേക്ക് പണം പോകുന്ന തരത്തിലാണ് എസ്‌ഐപി. മ്യൂച്ചല്‍ ഫണ്ടില്‍ നിന്ന് നിക്ഷേപകന്റെ ബാങ്കിലേക്ക് പണം ഒഴുകുന്ന തരത്തിലാണ് എസ്ഡബ്ല്യൂപി.
ആവറേജ് ചെയ്യുന്നത് കൊണ്ട് എസ്‌ഐപി കൂടുതല്‍ പ്രയോജനകരമാണ്. വിപണിയിലെ ചാഞ്ചാട്ടവും തെരഞ്ഞെടുത്ത മ്യൂച്ചല്‍ ഫണ്ടിന്റെ പ്രകടനവും എസ്ഡബ്ല്യൂപിയെ ബാധിക്കും