ഇസ്രയേൽ പാകിസ്ഥാനെതിരെ തിരിയുന്നോ? ചെകുത്താൻ വിളിയിൽ പ്രകോപനം, മുന്നറിയിപ്പുമായി നെതന്യാഹു

ഇസ്‌ലാമാബാദ്: ഇസ്രയേൽ ചെകുത്താൻ ആണെന്നും മനുഷ്യരാശിക്ക് ശാപമാണെന്നും പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖവാജ ആസിഫ്. യുഎസ് – ഇറാൻ വെടിനിർത്തൽ കരാർ നിലവിൽ വന്നതിനിടെ ഇസ്രയേൽ ലെബനനെ ആക്രമിക്കുന്നത് സംബന്ധിച്ചായിരുന്നു പാക് മന്ത്രിയുടെ പ്രതികരണം. പിന്നാലെ പ്രസ്‌താവനയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് സമൂഹമാദ്ധ്യമത്തിൽ നിന്ന് കുറിപ്പ് നീക്കം ചെയ്തിരിക്കുകയാണ് പാക് ആഭ്യന്തരമന്ത്രി.

ഇസ്രയേൽ ചെകുത്താനാണ്. മനുഷ്യരാശിക്ക് ശാപമാണ്. ഇസ്‌ലാമാബാദിൽ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെ ലെബനനിൽ വംശഹത്യ നടത്തുകയാണ് ഇസ്രയേൽ. ആദ്യം ഗാസയിലും പിന്നെ ഇറാനിലും ഇപ്പോൾ ലെബനനിലും സാധാരണക്കാരെ കൊന്നൊടുക്കുകയാണ് ഇസ്രയേൽ. ശമനമില്ലാതെ രക്തച്ചൊരിച്ചിൽ തുടരുന്നു. യൂറോപ്യൻ ജൂതന്മാരെ ഇല്ലാതാക്കാൻ പാലസ്തീൻ മണ്ണിൽ ഈ കാൻസർ രാഷ്ട്രം സൃഷ്ടിച്ച ആളുകൾ നരകത്തിൽ കത്തിയെരിയുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു’- എന്നായിരുന്നു പാക് ആഭ്യന്തര മന്ത്രി എക്‌സിൽ കുറിച്ചത്.

ഇതിനുപിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ പ്രതികരിച്ചത്. ‘ഇസ്രയേലിനെ ഉന്മൂലനം ചെയ്യണമെന്ന പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ആഹ്വാനം അതിരുകടന്നതാണ്. സമാധാനത്തിനായുള്ള നിഷ്പക്ഷ മദ്ധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരു സർക്കാർ നടത്തിയ ഈ ആഹ്വാനം ഒരു സർക്കാരിനും സഹിക്കാൻ കഴിയുന്നതല്ല’- എന്നാണ് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചത്.

ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡൻ സാറും വിഷയത്തിൽ പ്രതികരിച്ചു. “സമാധാനത്തിന് മദ്ധ്യസ്ഥത വഹിക്കുമെന്ന് അവകാശപ്പെടുന്ന ഒരു സർക്കാരിൽ നിന്നുള്ള ഈ നഗ്നമായ, രക്തരൂക്ഷിതമായ ആഹ്വാനങ്ങളെ ഇസ്രയേൽ വളരെ ഗൗരവമായി കാണുന്നു. ജൂത രാഷ്ട്രത്തെ “കാൻസർ” എന്ന് വിളിക്കുന്നത് ഫലത്തിൽ അതിനെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്നതിനു തുല്യമാണ്. നശിപ്പിക്കാൻ പ്രതിജ്ഞയെടുക്കുന്ന തീവ്രവാദികൾക്കെതിരെ ഇസ്രായേൽ സ്വയം പ്രതിരോധിക്കും’- എന്നായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *