യു പ്രതിഭ എംഎൽഎയ്‌ക്കെതിരെ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ ഇർഷാദ് ചക്കാലശേരിയെ അറസ്റ്റ് ചെയ്‌ത് വിട്ടയച്ചു

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ എംഎൽഎയ്‌ക്കെതിരെ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ ഇർഷാദ് ചക്കാലശേരിയെ അറസ്റ്റ് ചെയ്‌ത് വിട്ടയച്ചു. കായംകുളം പൊലീസാണ് ഇർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടത്. യു പ്രതിഭ അടക്കമുള്ളവർ ഇർഷാദിനെതിരെ പരാതി നൽകിയിരുന്നു. ഇതുപ്രകാരമാണ് കേസെടുത്തത്.
സ്‌ത്രീത്വത്തെ അപമാനിക്കൽ, നവമാദ്ധ്യമങ്ങൾ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്. ഒരു സ്‌ത്രീക്ക് നേരെയും അധിക്ഷേപപരാമർശങ്ങൾ നടത്താൻ പാടില്ലെന്ന സന്ദേശം സമൂഹത്തിലേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞുകൊണ്ടാണ് യു പ്രതിഭ പരാതി നൽകിയത്. വ്യാപകമായി സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നുവെന്നും സൈബർ ഇടത്തിൽ വ്യക്തിഹത്യ നേരിടുന്നുവെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇനിയും ഇത്തരം പ്രവൃത്തികൾ തുടർന്നാൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യു പ്രതിഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



