ലെബനന് നേരെ ഇസ്രയേൽ ആക്രമണം തുടർന്നാൽ വെടിനിറുത്തലിൽ നിന്ന് പിൻമാറും, മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ : ലെബനനിലേക്ക് ഇസ്രയേൽ ആക്രമണം തുടർന്നാൽ വെടിനിറുത്തൽ കരാറിൽ നിന്ന് പിൻമാറുമെന്ന മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കയുമായി രണ്ട് ആഴ്ചത്തെ വെടിനിറുത്തലിന് ഇറാൻ സന്നദ്ധത അറിയിച്ചെങ്കിലും വെടിനിറുത്തലിൽ ലെബനനെ ഉൾപ്പെടുത്താൻ പറ്റില്ലെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. തുടർന്ന് ലെബനനിലേക്ക് നൂറു കണക്കിന് മിസൈലുകൾ വർഷിക്കുകയും ചെയ്തു. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിലുടനീളം മിസൈൽ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെയാണ് ഇറാൻ വെടിനിറുത്തൽ കരാറിൽ നിന്ന് പിൻമാറുമെന്ന് മുന്നറിയിപ്പ് നൽകിയതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായും തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്റെ മദ്ധ്യസ്ഥ ശ്രമത്തെ തുടർന്ന് ഇരുരാജ്യങ്ങളും വെടിനിറുത്തലിൽ എത്തിയത്. അമേരിക്കയുടെ സമ്പൂർണമായ വിജയം എന്നാണ് ട്രംപ് കരാറിനെ വിശേഷിപ്പിച്ചത്. കരാർ പ്രകാരം രണ്ട് ആഴ്ചത്തേക്ക് അമേരിക്ക ആക്രമണങ്ങൾ നിറുത്തിവയ്ക്കുമെന്നും പകരം ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നു നൽകാൻ ഇറാൻ സമ്മതിച്ചതായും ട്രംപ് അറിയിച്ചു. വെടിനിറുത്തൽ കാലയളവിൽ ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായ നിലയിൽ കൈകാര്യം ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



