ഇറാൻ-ഇസ്രായേൽ സംഘർഷം:അർമേനിയയിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് ഡൽഹിയിലേക്ക്

ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷം കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലെ വിവധ സ്ഥലങ്ങളിൽ നിന്ന് വിദ്യാർഥികളടക്കമുള്ള ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നത് തുടരുന്നു. തെഹ്റാനിൽ നിന്ന് ക്വോമിലേക്ക് 600 വിദ്യാർഥികളെ മാറ്റി. തലസ്ഥാനമായ തെഹ്റാനിൽ നിന്ന് 148 കിലോമീറ്റർ അകലെയാണ് ക്വോം നഗരം സ്ഥിതി ചെയ്യുന്നത്.

ഉർമിയയിൽ നിന്നും ഇന്ത്യൻ പൗരന്മാരെ മാറ്റിയിട്ടുണ്ട്. ഇതിൽ 110 പേരെ അർമേനിയയിൽ എത്തിച്ചു. സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

1500റോളം ഇന്ത്യൻ വിദ്യാർഥികളാണ് ഇറാനിലുള്ളത്. ഇതിൽ ഭൂരിഭാഗവും കശ്മീരിൽ നിന്നുളളവരാണ്. സാധിക്കുമെങ്കിൽ സ്വന്തം നിലക്ക് തെഹ്റാൻ വിടാൻ ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ഇറാനിൽ നിന്ന് അർമേനിയയിൽ എത്തിച്ചവരുമായുള്ള ആദ്യ സംഘം ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. പ്രത്യേക വിമാനത്തിൽ 110 ഇന്ത്യൻ വിദ്യാർഥികളാണ് ഡൽഹിയിലേക്ക് യാത്ര തിരിക്കുക. കഴിഞ്ഞ ദിവസമാണ് ഇറാനിൽ നിന്ന് അതിർത്തി കടന്ന് റോഡ് മാർഗം 200റോളം വിദ്യാർഥികളെ അർമേനിയയിൽ എത്തിച്ചത്.

വ്യോമപാത അടച്ച സാഹചര്യത്തിൽ ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാരെ എത്തിക്കാനും അവിടെ നിന്ന് ഡൽഹിയിലേക്കും മാറ്റാനുമാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനം. ഇന്ത്യൻ പൗരന്മാരെ അസർബൈജാൻ, തുർക്മിസ്താൻ, അഫ്ഗാനിസ്താൻ എന്നീ അതിർത്തികൾ വഴി ഒഴിപ്പിക്കാനും നീക്കമുണ്ട്.

ഇറാനിലുള്ള വിദ്യാർഥികളടക്കം 10000തോളം പേരെ സുരക്ഷിതമായി ഒഴിപ്പിക്കാനാണ് ശ്രമം. അതേസമയം, യു.എ.ഇ വഴിയും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *