അമേരിക്കൻ പോർവിമാനം വെടിവച്ചിട്ടു; വീണ്ടും അവകാശവാദവുമായി ഇറാൻ

ടെഹ്‌റാൻ: അമേരിക്കൻ പോർവിമാനം വെടിവച്ചിട്ടെന്ന അവകാശവാദവുമായി വീണ്ടും ഇറാൻ. അത്യന്താധുനിക പോർവിമാനമായ F 15 ഹോർമുസ് ദ്വീപിൽ വെടിവച്ചിട്ടുവെന്നാണ് ഇറാന്റെ അവകാശവാദം. എന്നാൽ ഇതിനോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.
തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് വിമാനം വെടിവച്ചിട്ടതെന്നാണ് ഇറാന്റെ അവകാശവാദം. ഇറാന്റെ സംയുക്ത വ്യോമ പ്രതിരോധ കമാൻഡിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യമിടുന്നതിന് മുമ്പ് വിമാനം ഒരു മിസൈൽ വിക്ഷേപിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വിമാനത്തിന്റെയോ പൈലറ്റിന്റെയോ ചിത്രങ്ങളോ വീഡിയോകളോ പുറത്തുവിട്ടിട്ടില്ല. നേരത്തേയും F 15 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഇറാൻ അവകാശവാദമുന്നയിച്ചിരുന്നു.
അന്ന് വിമാനം വീഴുന്നതിന്റെയും പൈലറ്റിന്റെയും വീഡിയോ പുറത്തുവന്നിരുന്നു.അതിനിടെ, ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. കപ്പൽ ഗതാഗതത്തിനായി ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നുനൽകണമെന്നും ഇല്ലെങ്കിൽ ഇറാന്റെ വിവിധ ഊർജ പ്ലാന്റുകൾ തകർക്കുമെന്നുമാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ട്രൂത്തിൽ കുറിച്ചത്.’
ഭീഷണികൾ കൂടാതെ 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നില്ലെങ്കിൽ, അമേരിക്ക ഇറാന്റെ വിവിധ ഊർജനിലയങ്ങളെ ആക്രമിച്ച് ഇല്ലാതാക്കും’- എന്നാണ് ട്രംപ് അറിയിച്ചത്. ട്രംപിന്റെ അന്ത്യശാസനത്തിന് മറുപടിയായി മേഖലയിലെ യുഎസിന്റെ ഊർജ – സാങ്കേതികവിദ്യ സംവിധാനങ്ങളെ ലക്ഷ്യമിടുന്നതായി ഇറാൻ പറഞ്ഞു.
ഇറാനെതിരെ യുദ്ധം തുടങ്ങി മൂന്ന് ആഴ്ച പിന്നിടുമ്പോൾ, കാര്യങ്ങൾ കൈവിട്ടുപോകുന്ന തരത്തിലുള്ള പ്രതിസന്ധികളാണ് ട്രംപ് അഭിമുഖീകരിക്കുന്നത്. ആഗോള എണ്ണ വില കുതിച്ചുയരുന്നു. സഖ്യകക്ഷികളിൽ നിന്ന് ഒറ്റപ്പെട്ടു. ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് കരുതിയ യുദ്ധത്തിലേക്ക് കൂടുതൽ സൈനികരെ വിന്യസിക്കേണ്ട സ്ഥിതിയുമെത്തി. പിന്നാലെയാണ് ഇറാന് മുന്നറിയിപ്പുമായി യുഎസ് രംഗത്തെത്തിയത്.
പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനേയി അടക്കം ഉന്നതർ കൊല്ലപ്പെട്ടിട്ടും ഇറാൻ ഭരണകൂടം തകർന്നില്ലയെന്നതും യുഎസ് ഇന്റലിജൻസ് വിഭാഗം സമ്മതിക്കുന്നു. ഇസ്രയേലുമായി ചേർന്ന് യുദ്ധ ലക്ഷ്യങ്ങൾ ഏറെക്കുറേ കൈവരിച്ചെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും ഗൾഫിലുടനീളം മിസൈലാക്രമണം നടത്തിയും എണ്ണ, വാതക വിതരണം സ്തംഭിപ്പിച്ചും ചെറുത്തുനിൽപ്പ് തുടരുകയാണ് ഇറാൻ.
ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ ആധിപത്യം തകർക്കാൻ നാറ്റോ സഖ്യകക്ഷികൾ സഹായിക്കാത്തതും ട്രംപിനെ ചൊടിപ്പിച്ചു. യുദ്ധക്കപ്പലുകൾ ഹോർമുസിലേക്ക് അയയ്ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടും സഖ്യകക്ഷികൾ വിമുഖത കാട്ടുന്നു. നാറ്റോ രാജ്യങ്ങളെ ഭീരുക്കളെന്ന് ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തു.



