ഖമനെയിയുടെ താത്കാലിക പിൻഗാമിയെ പ്രഖ്യാപിച്ച് ഇറാൻ

പരമോന്നത നേതാവ് ആയത്തൊള്ള ഖമനെയിയുടെ വധത്തിന് പിന്നാലെ താത്ക്കാലിക പിൻഗാമിയെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാൻ. ആയത്തൊളള അറാഫിക്കാണ് ഇടക്കാല ചുമതല. ഇറാൻ ഭരണഘടനയിലെ ആർട്ടിക്കിൾ 111 പ്രാബല്യത്തിൽ കൊണ്ടുവന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജ്യത്ത് പരമോന്നത നേതാവിന്റെ സ്ഥാനത്ത് അപ്രതീക്ഷിത ഒഴിവുണ്ടാകുമ്പോൾ, താൽക്കാലികമായി മൂന്ന് അംഗ കൗൺസിൽ ഭരണ ചുമതലകൾ ഏറ്റെടുക്കണമെന്നാണ് ഇറാൻ ഭരണഘടനയിലെ ആർട്ടിക്കിൾ 111 നിർദ്ദേശിക്കുന്നത്. സ്ഥിരം നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ഈ കൗൺസിൽ രാജ്യത്തിന്റെ പരമാധികാര ചുമതലകൾ നിർവഹിക്കും.
ഭരണഘടന പ്രകാരം നിലവിലെ പ്രസിഡന്റ്, നീതിന്യായ വകുപ്പ് മേധാവി, ഗാർഡിയൻ കൗൺസിലിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരു മതപണ്ഡിതൻ എന്നിവരാണ് ഈ കൗൺസിലിൽ ഉൾപ്പെടുന്നത്. ഇതിൽ ഗാർഡിയൻ കൗൺസിലിന്റെ പ്രതിനിധിയായാണ് ആയത്തൊള്ള അലിറേസ അറാഫിയെ നിയമിച്ചതോടെ, ഇദ്ദേഹം ഇറാനിലെ ഏറ്റവും ശക്തനായ മൂന്ന് നേതാക്കളിൽ ഒരാളായി മാറിയിരിക്കുകയാണ്.
1959 ൽ ആണ് ആയത്തൊള്ള അറാഫി ജനിച്ചത്. 67കാരനായ അറാഫി ഇറാനിലെ മതസ്ഥാപനങ്ങളിൽ ശക്തമായ സ്വാധീനമുള്ള വ്യക്തിയാണ്.രാജ്യത്തെ ഇസ്ലാമിക സെമിനാരി സംവിധാനത്തിന്റെ ഡയറക്ടർ, ഗാർഡിയൻ കൗൺസിലിലെ അംഗം, 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്സ്പേർട്സിലെ അംഗം എന്നിങ്ങനെ മൂന്ന് നിർണായക പദവികൾ ഒരേസമയം വഹിച്ചിരുന്ന വ്യക്തിയാണ് ആയത്തൊള്ള അറാഫി. അറബി, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യമുള്ള അറാഫി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആശയങ്ങൾ ലോകവ്യാപകമായി പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പല വേദികളിൽ നേരത്തെ സംസാരിച്ചിരുന്നു.
അൽ-മുസ്തഫ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ മേധാവിയായും പ്രവർത്തിച്ചയാളായ അറാഫി ഇറാന്റെ ആശയപരമായ സ്വാധീനം വിദേശരാജ്യങ്ങളിൽ വ്യാപിപ്പിക്കാൻ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്.
എന്നാൽ, അറാഫിയും മറ്റു രണ്ട് ഇടക്കാല നേതാക്കളും ഒരു താൽക്കാലിക ക്രമീകരണമാത്രമാണ്. രാജ്യത്തിന്റെ ഭരണവും അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള യുദ്ധനടപടികളും നിയന്ത്രിക്കുന്നതോടൊപ്പം, അസംബ്ലി ഓഫ് എക്സ്പേർട്സ് രഹസ്യ ചർച്ചകൾ നടത്തി സ്ഥിരം പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇറാന്റെ ഭാവി രാഷ്ട്രീയ ദിശയെ നിർണ്ണയിക്കുന്ന നിർണായക തീരുമാനമായിരിക്കും അടുത്ത ദിവസങ്ങളിൽ അസംബ്ലി കൈക്കൊള്ളുന്നത്.



