നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃത്താലയിലെ കോൺഗ്രസിൽ ആഭ്യന്തര ഭിന്നതകൾ വീണ്ടും രൂക്ഷമാകുന്നു

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃത്താലയിലെ കോൺഗ്രസിൽ ആഭ്യന്തര ഭിന്നതകൾ വീണ്ടും രൂക്ഷമാകുന്നു. മുൻ എംഎൽഎയായ വി ടി ബൽറാമിനെതിരെ ഒരു വിഭാഗം നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. വിടി ബൽറാം ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നു എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ബൽറാമിന്റെ നടപടികളിൽ പ്രതിഷേധിച്ച് തൃത്താലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പ്രത്യേക യോഗം ചേർന്നു.

കഴിഞ്ഞ ദിവസമാണ് കെ കരുണാകരൻ ഫൗണ്ടേഷന്റെ പേരിൽ പുതിയ ഗ്രൂപ്പ് രൂപീകരണം നടന്നത്. ഡിസിസി. ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 30ലധികം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്. പാർട്ടി പ്രവർത്തകരെ വിശ്വാസത്തിലെടുക്കാത്ത ബൽറാമിൻ്റെ ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് ഗ്രൂപ്പ് യോഗത്തിൽ വിമർശനം ഉയർന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തൃത്താലയിലെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കമായിരുന്നു വി ടി ബൽറാമിന്റെ തോൽവിക്ക് വഴിയൊരുക്കിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തർക്കം കൂടുതൽ രൂക്ഷമാകുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും പ്രവർത്തകരിലുണ്ട്. അതേസമയം, വിഷയത്തിൽ ബൽറാം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *