രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടി ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ

ബിർമിങ്ഹാം: രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടി ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ. 129 പന്തിലാണ് താരം മൂന്നക്കത്തിൽ എത്തിയത്.

ഇന്ത്യക്കായി കെ.എൽ. രാഹുലും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും അർധ സെഞ്ച്വറി നേടി. ഇന്ത്യയുടെ ലീഡ് 500ലേക്ക് അടുക്കുകയാണ്. നിലവിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 67 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 304 റൺസെടുത്തിട്ടുണ്ട് -ലീഡ് 484. ഒന്നാം ഇന്നിങ്സിൽ ഗില്ലിന്‍റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ 587 എന്ന വമ്പൻ സ്കോറിലെത്തിയത്. 387 പന്തിൽ 269 റൺസാണ് ഗിൽ നേടിയത്.

ഒന്നര ദിവസം മാത്രം ബാക്കി നിൽക്കെ വമ്പൻ ലീഡ് നേടി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെ റൺമല മറികടക്കുക ആതിഥേയർക്ക് അസാധ്യമാകും. ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് പരമ്പരയിൽ ഒപ്പംപിടിക്കാനാകുമെന്നാണ് ഗില്ലിന്‍റെയും സംഘത്തിന്‍റെയും പ്രതീക്ഷ. ഗില്ലിനൊപ്പം 25 റൺസുമായി രവീന്ദ്ര ജദേജയണ് ക്രീസിൽ.

ഒരു വിക്കറ്റിന് 64 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് മൂന്നു വിക്കറ്റുകൾ കൂടി നഷ്ടമായി. രാഹുലിന്‍റെയും കരുൺ നായരുടെയും പന്തിന്‍റെയും വിക്കറ്റുകൾ. 84 പന്തിൽ 10 ഫോറടക്കം 55 റൺസെടുത്താണ് രാഹുൽ പുറത്തായത്. കരുൺ 46 പന്തിൽ 26 റൺസെടുത്തു. അടിച്ചുകളിച്ച പന്ത് 58 പന്തിൽ 65 റൺസെടുത്താണ് പുറത്തായത്.

റൺസെടുത്ത യശസ്വി ജൈസ്വാളാണ് പുറത്തായ മറ്റൊരു താരം. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൈവിട്ടെന്ന് കരുതിയ ഇന്ത്യയുടെ ജയപ്രതീക്ഷകൾ ബൗളർമാരാണ് തിരിച്ചുപിടിച്ചത്. ഒരുവേള അഞ്ച് വിക്കറ്റിന് 84 റൺസിലേക്ക് തകർന്ന ഇംഗ്ലണ്ടിനെ തകർപ്പൻ സെഞ്ച്വറികളുമായി ജാമി സ്മിത്തും ഹാരി ബ്രൂക്കും കരകയറ്റിയെങ്കിലും ഒന്നാം ഇന്നിങ്സിൽ 180 റൺസിന്റെ നിർണായക ലീഡ് നേടി സന്ദർശകർ. ഇന്ത്യയുടെ സ്കോറായ 587 റൺസിന് മറുപടിയായി ഇംഗ്ലീഷുകാർ 407ൽ എല്ലാവരും പുറത്തായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *