പാകിസ്ഥാനെ കളിക്കളത്തിനകത്തും പുറത്തും നിലംപരിശാക്കി, ഏഷ്യാ കപ്പോടെ വീണ്ടും തീപ്പൊരി ചിതറി ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം

ഏഷ്യാ കപ്പ് സമ്മാനദാന ചടങ്ങിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹസീൻ നഖ്‌വിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചിരുന്നു. എമിറേറ്റ്സ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സരൂനിയിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫി വാങ്ങാമെന്നും ഇന്ത്യൻ ടീം അറിയിച്ചെങ്കിലും നഖ്‌‌വി അത് സമ്മതിച്ചില്ല. തുടർന്ന് ഇന്ത്യ ട്രോഫി വാങ്ങാതെ പോഡിയത്തിൽ വിജയം ആഘോഷിച്ചു. ട്രോഫി തിരികെ കൊണ്ടുപോകാൻ നഖ്‌വിയും ഉത്തരവിട്ടു. കപ്പ് കൊണ്ടുപോയ നഖ്‌വിയുടെ നടപടി ഇതിനിടെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക പരിഹാസത്തിന് ഇടയായിരുന്നു.

ഇന്ത്യൻ താരങ്ങൾ വിജയാഘോഷം ഗ്രൗണ്ടിൽ നടത്തവെ പാക് താരങ്ങൾ തിരികെ ഡ്രസിംഗ് റൂമിലേക്ക് പോയി വാതിലടച്ചു. സമ്മാനവിതരണത്തിനും അവരെത്താൻ വൈകി. ഇതിനിടെ ഗ്രൗണ്ടിലേക്ക് വന്ന പാക്‌ താരങ്ങൾക്ക്‌ നേരെ ഇന്ത്യൻ ആരാധക‌ർ ഭാരത് മാതാ കി ജയ്, ഇന്ത്യാ..ഇന്ത്യ എന്നിങ്ങനെ ആർപ്പുവിളിച്ചു. മെഡൽ വാങ്ങിയ ശേഷം രണ്ടാം സ്ഥാനക്കാർക്കുള്ള ചെക്ക് വാങ്ങിയ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ ചെക്ക് നിലത്തേക്ക് എറിയുകയും ചെയ്‌തു.

ഇങ്ങനെ അത്യന്തം നാടകീയത നിറഞ്ഞാണ് ഏഷ്യാ കപ്പ് അവസാനിച്ചത്. ആദ്യം മുതൽ തന്നെ നാടകീയത നിറഞ്ഞതായിരുന്നു ഏഷ്യാ കപ്പ്. സത്യത്തിൽ ഇത്തവണ ഏഷ്യാ കപ്പ് നടത്താനുള്ള അവകാശം ലഭിച്ചത് ഇന്ത്യയ്‌ക്കായിരുന്നു. എന്നാൽ ഇന്ത്യയിൽ തങ്ങൾകളിക്കില്ലെന്നും ബഹിഷ്‌കരിക്കുമെന്നുമെല്ലാം പാകിസ്ഥാൻ ഭീഷണി മുഴക്കി. ചർച്ചകൾക്കൊടുവിൽ മത്സരം യുഎഇയിലേക്ക് മാറ്റി. ഇന്ത്യയുടെ താൽപര്യം അനുസരിച്ചായിരുന്നു ഇത്.2023ൽ പാകിസ്ഥാൻ ആയിരുന്നു ഏഷ്യാ കപ്പ് ആതിഥേയർ. അന്ന് ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ചു. തുടർന്ന് ഹൈബ്രിഡ് മോഡലിലായി മത്സരങ്ങൾ.

ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിലേക്കാണ് അന്ന് മാറ്റിയത്. ഇരു രാജ്യങ്ങളും തമ്മിലെ അഭിപ്രായഭിന്നതകൾ ഏഴ് പതിറ്റാണ്ട് പഴക്കമുള്ളതാണെങ്കിലും ക്രിക്കറ്റിൽ ഭിന്നത രൂക്ഷമായിട്ട് ഒന്നര പതിറ്റാണ്ടേ ആയിട്ടുള്ളു. 2008ൽ മുംബയ് ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളിലെയും പ്രധാന കായിക വിനോദമായ ക്രിക്കറ്റ് കളിയിൽ പ്രശ്‌നങ്ങൾ തുടങ്ങുന്നത്.ഇരു രാജ്യങ്ങളും തമ്മിലെ പരമ്പരകൾ നിർത്തിവച്ചു. ഐസിസി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ മാത്രമേ ഇരുവരും എതിരിട്ടിരുന്നുള്ളു. അവയിൽ പോലും കാര്യമായ എതിർപ്പുകൾ കളിക്കാർ തമ്മിൽ ഉണ്ടായിരുന്നില്ല. എന്നാൽ പഹൽഗാം ഭീകരാക്രമണം പാകിസ്ഥാൻ നടത്തിയതോടെ അത്തരം മത്സരങ്ങളിൽ പോലും പ്രശ്‌നങ്ങൾ വന്നുതുടങ്ങി. അതാണ് ഏഷ്യാ കപ്പിൽ കണ്ടത്. ഇനിയും ഇത്തരം പ്രശ്‌നങ്ങൾ തുടരാൻ തന്നെയാണ് സാദ്ധ്യത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *