ഇന്ത്യന്‍ നിര്‍മിത ലൈംഗിക ഉത്തേജക മരുന്നിന്റെ സാന്നിധ്യം; ഷെയ്ന്‍ വോണിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദം

0

ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചിട്ട് മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ ആദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് പുതിയ വിവാദം. തായ്‌ലന്‍ഡിലെ കോ സാമുയിയിലെ ആഡംബര റിസോര്‍ട്ട് വില്ലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു വോണ്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അന്‍പത്തിരണ്ടുകാരന്‍ വോണിന്റെ മരണത്തിലേക്ക് നയിച്ചത് ഹൃദയാഘാതമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വോണിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.

വോണിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇടത്ത് ആദ്യമെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ അന്നത്തെ ചില സംഭവങ്ങള്‍ തുറന്നുപറഞ്ഞതാണ് പുതിയ ചര്‍ച്ചകളുടെ അടിസ്ഥാനം. വോണിന്റെ മരണത്തില്‍ തായ്ലന്‍ഡ് പൊലീസ് ചില കാര്യങ്ങള്‍ മറച്ചുവച്ചിരുന്നു എന്ന സൂചനയാണ് വെളിപ്പെടുത്തല്‍ നല്‍കുന്നത്.

അബോധാവസ്ഥയില്‍ കിടന്നിരുന്ന ഷെയ്ന്‍ വോണിന്റെ സമീപത്ത് ഒരു കുപ്പിയുണ്ടായിരുന്നെന്നും, ആതെടുത്ത് മാറ്റാന്‍ ഉന്നതതലങ്ങളില്‍നിന്ന് നിര്‍ദേശമുണ്ടായിരുന്നു എന്നുമാണ് പൊാലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ‘കാമഗ്ര’ എന്ന് വിളിക്കുന്ന ലൈംഗികോത്തേജന മരുന്നായിരുന്നു ആ കുപ്പിയിലുണ്ടായിരുന്നത്. ഇന്ത്യന്‍ നിര്‍മിത ലൈംഗിക ഉത്തേജത മരുന്നായ കാമഗ്ര വോണിന്റെ മുറിയില്‍ നിന്നും കണ്ടെടുത്ത വിവരം പിന്നീട് പൊലീസ് റിപ്പോര്‍ട്ടുകളില്‍ ഒന്നും രേഖപ്പെടുത്തിയില്ലെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. വോണിന്റെ മരണം സംബന്ധിച്ച് ചിലത് മറച്ചുവച്ചിരുന്നു എന്ന് സൂചന നല്‍കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.

ലൈംഗിക ഉത്തേജനത്തിന് ഇന്ത്യന്‍ ചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്നുകളില്‍ ഒന്നാണ് കാമാഗ്ര, വയാഗ്രയില്‍ കാണപ്പെടുന്ന ഘടകങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. നിയമ വിരുദ്ധമെങ്കിലും തായ്‌ലന്‍ഡില്‍ സുലഭമായി ലഭിക്കുന്ന കാമാഗ്ര വോണിന്റെ ശരീരത്തിന് സമീപം കണ്ടെത്തിയ സംഭവം അവഗണിച്ചതോടെ അദ്ദേഹത്തിന്റെ മരണ കാരണത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകം മറച്ചുവെച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ കാമാഗ്ര ഉപയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ക്കുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മദ്യപാനം, പുകവലി, മോശം ഭക്ഷണക്രമം എന്നിവ പിന്തുടര്‍ന്നിരുന്ന വ്യക്തി കുടിയായിരുന്നു വോണ്‍.

LEAVE A REPLY

Please enter your comment!
Please enter your name here