ഏഷ്യ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും; അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അടുത്ത മാസം യു.എ.ഇയില്‍ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം ഉറപ്പായി. ഇന്ത്യന്‍ ടീമിന് പാകിസ്ഥാനുമായി കളിക്കുന്നതിന് തടസമില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്‍കികൊണ്ട് വ്യക്തമാക്കി. മറ്റ് രാജ്യങ്ങള്‍ കൂടി പങ്കെടുക്കുന്ന ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാനുമായി കളിക്കുന്നതിന് തടസമില്ലെങ്കിലും പാകിസ്ഥാനുമായി ഉഭയകക്ഷി പരമ്പര വേണ്ടെന്ന പഴയ നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രാലയം അറിയിച്ചു.

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി ഇന്ത്യ ഏഷ്യാകപ്പില്‍ കളിക്കരുതെന്ന് ചില സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ നടന്ന മാസ്റ്റേഴ്‌സ് ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. സെപ്തംബര്‍ 14നാണ് ദുബായ്യില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാകപ്പ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഒരേ ഗ്രൂപ്പില്‍ ആണ് രണ്ട് ടീമുകളും ഉള്‍പ്പെടുന്നത്.

യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയും പാകിസ്ഥാനും അടുത്ത റൗണ്ടിലേക്ക് മുന്നേറാനാണ് സാദ്ധ്യത കല്‍പ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഫൈനലില്‍ ഉള്‍പ്പെടെ രണ്ട് ടീമുകളും വീണ്ടും ഇതേ ടൂര്‍ണമെന്റില്‍ പരസ്പരം മത്സരിക്കാന്‍ സാദ്ധ്യത കൂടുതലാണ്. അടുത്തിടെ ഇംഗ്ലണ്ടില്‍ നടന്ന വേള്‍ഡ് ലെഡന്‍ഡ്‌സ് ടൂര്‍ണമെന്റില്‍ പാകിസ്ഥാനുമായി കളിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറിയതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ഫൈനലിലേക്ക് മുന്നേറിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *