തിരുവനന്തപുരം: സംസ്ഥാനത്തെ റാപ്പിഡ് റെസ്പോണ്ട്സ് റെസ്ക്യൂ സേനയിൽ അംഗബലം കൂട്ടാൻ തീരുമാനം. സേനയുടെ ഭാഗമാകാൻ താൽപര്യമുളളവർ സമ്മതമറിയിക്കാൻ ആവശ്യപ്പെട്ട് സർക്കുലിറക്കി എഡിജിപി. ആഭ്യന്തര വകുപ്പിന്റെ നടപടി.
സ്പെഷ്യൽ ആംഡ് ഫോഴ്സ് (എസ്എപി), കേരള ആംഡ് പൊലീസ് ബറ്റാലിയൻ (KAP), മലബാർ സ്പെഷ്യൽ പൊലീസ് (MSP) തുടങ്ങിയ സേനകൾക്കാണ് സർക്കുലർ നൽകിയത്. താൽപര്യമുളളവർ ഉടൻ ആർആർആർഎഫിന്റെ ഭാഗമാകണമെന്ന് സർക്കുലറിൽ പറഞ്ഞിട്ടുണ്ട്. എത്രയും പെട്ടന്ന് നടപടി പൂർത്തിയാക്കണമെന്നും എഡിജിപി ആവശ്യപ്പെട്ടു. .
സേനാംഗങ്ങൾ തൊഴിൽ പീഡനവിവരം റിപ്പോർട്ടറിനോട് പങ്കുവെക്കുകയും ചെയ്തു. മൂന്ന് ദിവസം ജോലിയും ഒരു ദിവസം വിശ്രമം എന്ന വ്യവസ്ഥ പാലിക്കുന്നില്ലെന്ന് സേനാംഗങ്ങൾ പറഞ്ഞിരുന്നു. തുടർച്ചയായി പത്ത് ദിവസത്തോളം ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥയാണ്, ഡ്യൂട്ടിക്കിടെ ഇരുന്നാൽ ഉന്നത ഉദ്യോഗസ്ഥർ അവധി നിഷേധിക്കും, ഇരിക്കാനുള്ള കസേരകൾ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് എടുത്ത് മാറ്റി, വിശ്രമ സമയങ്ങളിൽ പണി എടുക്കാൻ നിർബന്ധിക്കും, ജോലി മാടിനെ പോലെ ആണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഉയർന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റം ചെകുത്താനെ പോലെയെന്നും സേനാംഗങ്ങൾ ആരോപിച്ചിരുന്നു. മാനസിക സംഘർഷത്താൽ ജീവനൊടുക്കേണ്ട അവസ്ഥയിലാണ്. നിരവധി പേരാണ് ജോലി സമ്മർദ്ദത്താൽ ചികിത്സയിൽ കഴിയുന്നത്, ക്യാമ്പ് ചെയ്യുന്ന സ്ഥലങ്ങളിൽ അടിസ്ഥാനസൗകര്യമില്ലെന്നും ഉദ്യോഗസ്ഥർ പരാതിപ്പെട്ടിരുന്നു. സെക്രട്ടറിയേറ്റ് , നിയമസഭ, രാജ് ഭവൻ, ഹൈക്കോടതി, ക്ലിഫ് ഹൗസ് തുടങ്ങിയവയുടെ സുരക്ഷാ ചുമതല ആർആർആർഎഫിനാണ്.