എൽഡിഎഫ് സർക്കാർ ഇല്ലായിരുന്നെങ്കിൽ ദേശീയപാത 66 സ്വപ്നം മാത്രം: മുഹമ്മദ് റിയാസ്

 

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ദേശീയപാത 66 കേരളത്തിൽ ഇന്നും സ്വപ്നം മാത്രമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാത വികസനത്തിൽ ചരിത്രത്തിൽ ആദ്യമായി പണം ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും പദ്ധതിക്ക് പിന്നിലെ സംസ്ഥാന സർക്കാരിന്റെ റോൾ ചിലർ ചോദിക്കുന്നു. വികസനപ്രവർത്തനം ജനങ്ങളിൽ എത്തിക്കാൻ സോഷ്യൽ മീഡിയയെ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. എത്ര പരിഹസിച്ചാലും വികസനപ്രവർത്തനത്തിൻ്റെ റീൽസ് ഇടൽ തുടരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

ദേശീയപാതയുടെ തകർച്ചയെ തുടർന്ന് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കങ്ങളാണ് യുഡിഎഫ് നടത്തുന്നത്. ബിജെപിയിലെ ചില നേതാക്കളും സമാന നിലപാടെടുത്ത് സംസ്ഥാന സർക്കാരിനെ ആക്രമിക്കാനുള്ള ശ്രമം നടത്തുന്നു. മുൻപ് യുഡിഎഫ് സ‍ർക്കാരിൻ്റെ കെടുകാര്യസ്ഥത മൂലം മുടങ്ങിയ പദ്ധതി 2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരാണ് തിരിച്ചുകൊണ്ടുവരാൻ ശ്രമങ്ങൾ ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

ദേശീയപാത 66 വികസനത്തെ പുനരുജ്ജീവിപ്പിക്കുമെന്ന എൽഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം യാഥാ‍ർഥ്യമാക്കാൻ മുഖ്യമന്ത്രി കേന്ദ്രസർക്കാരുമായി നിരന്തര ചർച്ചകൾ നടത്തി. ദേശീയപാത വികസനത്തിന് പണം ചെലവഴിക്കാൻ സംസ്ഥാന സ‍ർക്കാർ തയ്യാറാണെന്ന നിലപാട് സർക്കാർ അറിയിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ദേശീയപാത വികസനത്തിന് സംസ്ഥാന സർക്കാർ പണം ചെലവഴിക്കുന്നത്. ദേശീയപാത വികസനത്തിൽ അധിക തുക നൽകുന്നതിൽനിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് അന്ന് ഒരക്ഷരം പറയാത്തവർ ഇന്ന് കേരളത്തിൻ്റെ റോൾ ചോദിക്കുകയാണെന്നും മന്ത്രി വിമർശിച്ചു.

കാസർകോട് മുതൽ തിരുവനന്തപുരംം വരെ 45 മീറ്റർ വീതിയിലുള്ള ആറുവരി ദേശീയപാത 66 ലോകത്തെവിടെയും ജീവിക്കുന്ന മലയാളിയുടെ സ്വപ്ന പദ്ധതിയാണ്. ഇന്ത്യയിൽ ഏറ്റവുമധികം ജനസാന്ദ്രതയുള്ള കേരളത്തിനുള്ള ആശ്വാസ പദ്ധതിയാണ് ദേശീയപാത 66. പദ്ധതിയുടെ നിർമാണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴുണ്ടായ സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. ഇതുസംബന്ധിച്ച സംസ്ഥാന സ‍ർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. ദേശീയപാത 66ൻ്റെ തക‍ർച്ചയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ചില നിലപാടുകൾ സൂചിപ്പിച്ചിട്ടുണ്ട്. ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘത്തിൻ്റെ റിപ്പോ‍ർട്ട് പരിഗണിച്ചു സംസ്ഥാന സ‍ർക്കാർ നിലപാട് അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *