‘ശബരിമല സ്വര്‍ണക്കൊള്ള’ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുകയാണെങ്കില്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന്; വി ഡി സതീശന്

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുകയാണെങ്കില്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആവശ്യപ്പെട്ടു. ഫോട്ടോയുടെ പേരിലാണ് ചോദ്യം ചെയ്യലെങ്കില്‍ അതേ മാനദണ്ഡം മുഖ്യമന്ത്രിക്കുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, ഇതുവരെ ഒരു പ്രാഥമിക കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ലെന്നും വി ഡി സതീശന് വിമര്‍ശിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസ് തെളിവുകളില്ലാതെ അവസാനിപ്പിക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്ന നിലയിലാണെന്നും, ഇതേ പോക്ക് തുടര്‍ന്നാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളം വൃദ്ധസദനമാകുമെന്നും വി ഡി സതീശന് പറഞ്ഞു. ഭാവി കേരളത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ യുഡിഎഫിന്റെ യാത്രയില്‍ പ്രധാന വിഷയമാകുമെന്നും, സംസ്ഥാനത്തിന്റെ ഭാവിക്കായി ബദല്‍ പദ്ധതികളും സ്വപ്ന പദ്ധതികളും യാത്രക്കിടെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍എസ്എസും എസ്എന്‍ഡിപിയും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ വ്യക്തിപരമാണെന്നും, തന്നെ ഇഷ്ടമില്ലാത്തതിനാലാണ് വിമര്‍ശനമെന്നും വി ഡി സതീശന് പ്രതികരിച്ചു. യുഡിഎഫിനെയല്ല, വ്യക്തിയെ തന്നെയാണ് വിമര്‍ശിക്കുന്നതെന്നും, വിമര്‍ശനങ്ങളില്‍ ബോധ്യപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ വിശദീകരിച്ച് ബോധ്യപ്പെടുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചാല്‍ അത് സ്വീകരിക്കുമെന്നും വി ഡി സതീശന് വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമിക്ക് മതരാജ്യവാദമില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും, അവരുടെ നിലപാടില്‍ വ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതരാജ്യവാദ നിലപാടുള്ള കാലത്ത് ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തിനൊപ്പം നിന്നിരുന്നുവെന്നും വി ഡി സതീശന് ചൂണ്ടിക്കാട്ടി.



