‘കൊടെെക്കനാലിൽ പോയി മാജിക് മഷ്റൂം കഴിച്ചു, 14 വർഷം സെെക്യാട്രിക് മരുന്നുകൾ കഴിക്കേണ്ടി വന്നു’; ലെന

മലയാള സിനിമയ്ക്ക് നിരവധി കഥാപത്രങ്ങൾ സമ്മാനിച്ച നടിയാണ് ലെന. വർഷങ്ങളായി ആത്മീയ പാത കൂടി പിന്തുടരുന്ന ലെന ജീവിതത്തോടുള്ള തന്‍റെ കാഴ്ചപ്പാടുകളും ഉള്‍ക്കാഴ്ചകളും വ്യക്തമാക്കുന്ന The Autobiography of God എന്ന പുസ്തകം എഴുതിയിരുന്നു. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ചില വിഷയങ്ങളോടുള്ള നടിയുടെ തുറന്ന് പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ട്രെൻഡിങ് ആകുന്നത്. കൊടെെക്കനാലിൽ പോയി താൻ മാജിക് മഷ്റൂം കഴിച്ചിരുന്നുവെന്നും അതിലൂടെ തനിക്ക് നേരിടേണ്ടി വന്നത് പല തരം മാനസിക പ്രശ്നങ്ങളുമാണെന്ന് ലെന പറഞ്ഞു. 14 വർഷം സെെക്യാട്രിക് മരുന്നുകൾ കഴിക്കേണ്ടി വന്നുവെന്നും കഠിന പരിശ്രമത്തിലൂടെയാണ് തിരിച്ച് വന്നതെന്നും ലെന കൂട്ടിച്ചേർത്തു.

‘2004 ൽ ഇപ്പോഴത്തെ ചെറുപ്പക്കാർ കാണിക്കുന്ന മണ്ടത്തരം ഞാൻ ചെയ്തു. ആ പ്രായത്തിൽ സമപ്രായക്കാർ ചെയ്യുന്നത് കണ്ട് കൊടെെക്കനാലിൽ പോയി മാജിക് മഷ്റൂം കഴിച്ചു. എന്തോ അബദ്ധവശാൽ 1 ശതമാനം ആൾക്കാർക്ക് സംഭവിക്കുന്നത് എനിക്ക് ഉണ്ടായി. കാരണം മാജിക് മഷ്റൂം കഴിച്ചതിന് ശേഷം മെഡിറ്റേഷനിൽ ഇരുന്നു. എന്താണ് ദെെവം എന്ന് ചോദിച്ചു. മിക്ക ആൾക്കാരും അതല്ല ചെയ്യുന്നത്, അവര്‍ ബ്രെയിനും ആരോഗ്യവും നശിപ്പിക്കുകയാണ്.
എനിക്ക് ബോധോദയമുണ്ടായത് ആ ചോദ്യം ചോദിച്ച് ധ്യാനം ചെയ്തത് കൊണ്ടാണ്. പക്ഷെ ഇത് കാരണം ഞാൻ 14 വർഷം സെെക്യാട്രിക് മെഡിസിൻ കഴിക്കേണ്ടി വന്നു. ഡിപ്രഷൻ വരും. എല്ലാ തരം മാനസിക പ്രശ്നങ്ങളും കയറി വരികയാണ് ഈ അനാവശ്യമായ സബ്സ്റ്റൻസ് ഉപയോഗിച്ചത് കാരണം. അവിടെ നിന്നും കയറി വരണമെങ്കിൽ എന്തെങ്കിലും ലക്ഷ്യം വേണം. അങ്ങനെയാണ് 2004 മുതൽ 2024 വരെ ഞാൻ നിങ്ങളുടെ മുന്നിൽ നടിയായി ഇരിക്കുന്നത്. ഹാർഡ് വർക്കുണ്ട്. പുസ്തകം എഴുതാൻ ഹാർഡ് വർക്ക് ആവശ്യമാണ്. കഠിനാധ്വാനമില്ലാതെ ആരും ഒന്നും നേടിയിട്ടില്ല’, ലെന പറഞ്ഞു.

1998 ൽ ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന സിനിമയിലൂടെയാണ് ലെന വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് വിവിധ സിനിമകളില്‍ നായികയായും സഹനടിയായും ക്യാരക്ടര്‍ റോളുകളിലും ലെന എത്തി. ഈ വർഷം നടിയുടെ മൂന്ന് സിനിമകളാണ് റീലീസ് ചെയ്തത്. ഔസേപ്പിന്റെ ഒസ്യത്ത്, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്, നാൻസി റാണി എന്നിവയാണ് സിനിമകൾ. ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ സിനിമയായ ‘വലതുവശത്തെ കള്ളൻ’ എന്ന സിനിമയാണ് ലെനയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.



