1995ലാണ് ബാഷ സിനിമയുടെ നൂറാം ദിനാഘോഷ വേളയില്‍ നടന്‍ രജനീകാന്ത് എ.ഐ.എ.ഡി.എം.കെയുടെ ക്രമസമാധാന നില തകര്‍ന്നതിനെ വിമര്‍ശിച്ച് ഒരു പ്രസ്താവന നടത്തുന്നത്.
പ്രസംഗത്തില്‍ അന്നത്തെ മുഖ്യമന്ത്രി ജയലളിതയുടെയോ മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരുടെയോ പേരുകളൊന്നും രജനികാന്ത് പരാമര്‍ശിച്ചിരുന്നില്ലെങ്കിലും മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായുള്ള ആക്രമണമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു.മന്ത്രിയും ബാഷയുടെ നിര്‍മ്മാതാവുമായ ആര്‍.എം. വീരപ്പനും (ആര്‍.എം.വി) അന്ന് ആ വേദിയില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെയും ഈ പരാമര്‍ശം പ്രതികൂലമായി ബാധിച്ചു.
ആര്‍എം വീരപ്പന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പുറത്തിറക്കിയ ഡോക്യുമെന്ററിയിലാണ് രജനീകാന്ത് അന്നത്തെ പ്രസ്താവനയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.വേദിയില്‍ ഒരു മന്ത്രിയുണ്ടെന്നതോര്‍ക്കാതെയാണ് സര്‍ക്കാരിനെതിരെ ആ പരാമര്‍ശം നടത്തിയത്.അതേക്കുറിച്ച് അന്ന് ചിന്തിച്ചിരുന്നില്ല.സര്‍ക്കാരിനെതിരായ പ്രസംഗത്തെ എതിര്‍ക്കാത്തതിനാല്‍ അന്ന് എഐഎഡിഎംകെ മന്ത്രിയായിരുന്ന ആര്‍എംവിയെ ജയലളിത മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയെന്നും രജനീകാന്ത് പറഞ്ഞു.
ആ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അന്ന് ആര്‍എംവിയുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ അദ്ദേഹത്തെ വിളിച്ച് സംഭവത്തിന് ക്ഷമ ചോദിച്ചെങ്കിലും മന്ത്രി ആ കാര്യം തള്ളിക്കളയുകയും ആ സംഭവത്തേക്കുറിച്ച്, മറന്നേക്കാനും പറയുകയായിരുന്നു. പകരം സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂളിനെക്കുറിച്ച് ചോദിച്ചു. ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹം പെരുമാറി. ഈ സംഭവം എന്റെയുള്ളില്‍ ഒരു മുറിവായി മാറി.” രജനീകാന്ത് പറഞ്ഞു,
‘ആ മുറിവ് ഒരിക്കലും ഉണങ്ങില്ല.കാരണം വേദിയില്‍ അവസാനം സംസാരിച്ച വ്യക്തി ഞാനായിരുന്നു. അതിനുശേഷം അതിനോട് പ്രതികരിക്കാന്‍ ആര്‍എംവിക്ക് കഴിയുമായിരുന്നില്ല. മുഖ്യമന്ത്രിയോട് ഇതേക്കുറിച്ച് വിശദീകരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ സ്വന്തം തീരുമാനത്തില്‍നിന്ന് പിന്മാറില്ലെന്ന് ആര്‍എംവി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് എന്റെ പേര് കളഞ്ഞുകുളിക്കരുതെന്നും ആര്‍എംവി ആവശ്യപ്പെട്ടു. അതുകൊണ്ടൊക്കെയാണ് അദ്ദേഹം ഒരു മികച്ച മനുഷ്യനും യഥാര്‍ത്ഥ കിംഗ് മേക്കറും ആയത്. ‘ രജനീകാന്ത് വ്യക്തമാക്കി.
ജയലളിതയെ രാഷ്ട്രീയമായി എതിര്‍ക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ടെന്ന് ഈ ഡോക്യൂമെന്ററിയില്‍ രജനീകാന്ത് സമ്മതിക്കുന്നുണ്ട് .മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്നേ ഉണ്ടായ ഈ സംഭവം തന്റെ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു