ഭർത്താവിന് ലൈംഗിക ബന്ധത്തിന് താത്പര്യമില്ല, ഭാര്യയ്ക്ക് വിവാഹമോചനം അനുവദിച്ച് കോടതി

കൊച്ചി : ഭർത്താവിന് ലൈംഗിക ബന്ധത്തിൽ താത്പര്യമില്ലെന്നും ആത്മീയത സ്വീകരിക്കാൻ നിർബന്ധിക്കുന്നതായും കാണിച്ച് ഭാര്യ നൽകിയ ഹർജിയിൽ വിവാഹമോചനം അനുവദിച്ച കുടുംബകോടതി വിധി ശരിവച്ച് ഹൈക്കോടതി. ഭർത്താവിന് ആത്മീയതയിൽ മാത്രമാണ് താത്പര്യമെന്നും ആത്മീയത സ്വീകരിക്കാൻ തന്നിൽ നി‌ർബന്ധം ചെലുത്തുന്നതായും യുവതി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കുടുംബ ജീവിതത്തിലെ ഭർത്താവിന്റെ താത്പര്യമില്ലായ്മ വൈവാഹിക കടമകൾ നിറവേറ്റുന്നതിൽ അയാൾ പരാജയപ്പെട്ടുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,​ ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ആയുർവേദ ഡോക്ടറായ ഭാര്യയുടെ പരാതിയിൽ നേരത്തെ മൂവാറ്റുപുഴയിലെ കുടുംബകോടതി വിവാഹമോചനം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. വിവാഹം ഒരു പങ്കാളിക്ക് മറ്റൊരു ഇണയുടെ മേൽ വ്യക്തിപരമായ വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കാൻ അധികാരം നൽകുന്നില്ല. തന്റെ ആത്മീയ ജീവിതം ഭാര്യയുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ക്രൂരതയാണെന്നും കോടതി വ്യക്തമാക്കി.

ഭർത്താവ് ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിന്നു. പി.ജി കോഴ്‌സിന് ചേരാൻ അനുവദിച്ചില്ല. അന്ധവിശ്വാസത്തിലും അനാചാരത്തിലും അധിഷ്ഠിതമായ ജീവിതം നയിക്കാൻ നിർബന്ധിച്ചു. തന്നെ തനിച്ചാക്കി നിരന്തരം തീർത്ഥയാത്രകൾക്ക് പോയി. പഠനകാലത്തെ സ്റ്റൈപൻഡ് തുക ദുരുപയോഗം ചെയ്തു എന്നീ കാര്യങ്ങൾ ഉന്നയിച്ചാണ് ഭാര്യ വിവാഹ മോചന ഹർജി നൽകിയത്. ആദ്യം നൽകിയ വിവാഹമോചന അപേക്ഷ ഭർത്താവ് മാപ്പ് പറഞ്ഞതിനെ തുടർന്ന് പിൻവലിച്ചു. ശരിയായ കുടുംബ ജീവിതം നയിക്കാമെന്നും ഭർത്താവ് ഉറപ്പുനൽകിയിരുന്നു,​ എന്നാൽ വാക്ക് പാലിക്കാത്തതിനെ തുടർന്നാണ് വീണ്ടും വിവാഹ മോചനവുമായി യുവതി മുന്നോട്ടു പോയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *