കർണാടകയിൽ  വൻ ബാങ്ക് കൊള്ള. 52 കോടി രൂപയുടെ സ്വർണവും അഞ്ച് ലക്ഷത്തിലധികം രൂപയും കൊള്ളയടിച്ചു

കർണാടക: കർണാടകയിൽ വീണ്ടും വൻ ബാങ്ക് കൊള്ള. വിജയപുരയിലെ കാനറ ബാങ്ക് ബ്രാഞ്ചിൽ നിന്ന് 52 കോടി രൂപയുടെ സ്വർണവും അഞ്ച് ലക്ഷത്തിലധികം രൂപയും കൊള്ളയടിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളകളിൽ ഒന്നാണിത്. ബാങ്ക് കൊള്ളകളുടെ ഒരു പരമ്പരയാണ് ആറ് മാസത്തിനിടെ കർണാടകയിൽ നടന്നത്. അതിലേറ്റവും ഒടുവിലത്തേതാണ് വിജയപുരയിലെ കനറാ ബാങ്കിന്‍റെ മണഗുളി ബ്രാഞ്ചിലുണ്ടായത്. 51 കിലോ സ്വർണവുമായാണ് മോഷ്ടാക്കൾ ബാങ്കിൽ നിന്ന് കടന്നത്.

ബാങ്കിന്‍റെ ഏറ്റവും പിന്നിലെ മുറിയിലുള്ള ലോക്കറുകളിൽ നിന്നാണ് ഇത്ര വലിയ അളവിലുള്ള സ്വർണം മോഷണം പോയതായി കണ്ടെത്തിയിരിക്കുന്നത്. ഈ ലോക്കറുകളിലുണ്ടായിരുന്ന 5,20,000 മോഷണം പോയിട്ടുണ്ട്. മാസാവസാനം ബാങ്കുദ്യോഗസ്ഥർ നടത്തിയ കണക്കെടുപ്പിൽ മാത്രമാണ് ഇത്രയധികം സ്വർണം മോഷണം പോയത് മനസ്സിലായത് എന്നത് വലിയ ദുരൂഹതയാണുയർത്തുന്നത്.

സ്വർണം കാണാതായതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും മെയ് 23 മുതൽ മെയ് 25 വരെയുള്ള ദിവസങ്ങളിൽ സിസിടിവി ഓഫായിരുന്നുവെന്ന് കണ്ടെത്തിയെന്നുമാണ് ബാങ്കുദ്യോഗസ്ഥർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. രണ്ട് ദിവസം അവധിയായിരുന്നത് മുൻകൂട്ടി കണ്ടാണ് മോഷ്ടാക്കൾ സ്വർണം കടത്താൻ ഈ സമയം തെരഞ്ഞെടുത്തത് എന്നാണ് സൂചന. ബാങ്കിന്‍റെ സേഫ്റ്റി അലാറം ഓഫായിരുന്നു.

നെറ്റ്‍വർക്ക് വീഡിയോ റെക്കോർഡർ മോഷ്ടാക്കൾ കൊണ്ട് പോയി. സിസിടിവികളും ഓഫായിരുന്നു. മോഷണം നടത്തിയത് ആരാണെന്നോ, എങ്ങനെയാണ് ഇത്രയധികം സ്വർണം കടത്തിയതെന്നോ ഉള്ള ഒരു സൂചനയും പൊലീസിനില്ല. സ്ഥലത്തെ സെക്യൂരിറ്റിയടക്കം ഈ വിവരമറിഞ്ഞില്ലേ എന്ന ചോദ്യവുമുയരുന്നു. മോഷണം വൈകി മാത്രം റിപ്പോർ‍ട്ട് ചെയ്തതും പൊലീസിന് തലവേദനയാണ്. സംഭവത്തിൽ മൂന്ന് പേരടങ്ങുന്ന എട്ട് സംഘങ്ങൾ അന്വേഷണം നടത്തുമെന്നും, എട്ട് പേരോളം മോഷണസംഘത്തിലുണ്ടെന്നാണ് സൂചനയെന്നും വിജയപുര എസ്‍പി ലക്ഷ്മൺ നിംബാർഗി വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *