പത്രപ്രവർത്തകനായിട്ട് എത്ര കാലമായി? വീണ്ടും മാദ്ധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകരോട് വീണ്ടും ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിനിടെ ഉച്ചഭക്ഷണത്തിനായി പുറത്തുപോകുന്നതിനിടെയാണ് സംഭവം. പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. പത്രപ്രവർത്തകനായിട്ട് എത്ര കാലമായി എന്ന് ചോദിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

പിഎം ശ്രീയുമായി ബന്ധപ്പെട്ട് എന്തെങ്കിലും യോഗത്തിൽ ചർച്ചയായോ എന്നായിരുന്നു മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം. ഇതിന് എത്രകാലമായി പത്രപ്രവ‌ർത്തനം തുടങ്ങിയിട്ട് എന്ന് ചോദിച്ചുകൊണ്ട് മുഖ്യമന്ത്രി ഔദ്യോഗിക കാറിൽ കയറി പോവുകയായിരുന്നു.പിഎം ശ്രീ പദ്ധതിയിൽ തുടർനടപടികൾ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു.

മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റെ കാര്യം അറിയിച്ചത്. ഇതുവരെയും കത്തയക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതൃപ്‌തി അറിയിച്ചിരുന്നു. തുടർന്നാണ് കേന്ദ്രത്തിന് കത്തയച്ചത്. ഇതിനുശേഷം നടക്കുന്ന ആദ്യ പിബി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയതായിരുന്നു മുഖ്യമന്ത്രി.പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടെങ്കിലും തത്കാലം നടപ്പാക്കാനാകില്ലെന്ന് കേന്ദ്രത്തെ അറിയിക്കാനാണ് കത്തയച്ചത്.

ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ തയ്യാറാക്കിയ കത്ത് മുഖ്യമന്ത്രി കണ്ടശേഷം പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകിയുടെ ഓഫീസിലെത്തിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ പരിശോധനയ്ക്കുശേഷം വകുപ്പ് സെക്രട്ടറി തന്നെയാണ് കേന്ദ്രത്തിന് കത്തയച്ചത്.എസ്എസ്‌കെ (സമഗ്ര ശിക്ഷ കേരള) വിഹിതത്തിൽ 109 കോടി കേന്ദ്രം അനുവദിച്ചിരുന്നു. ഇതിൽ 92.4 കോടി കഴിഞ്ഞ ദിവസം കേരളത്തിന് ലഭിച്ചു. ശേഷിക്കുന്ന 17.6 കോടി ഇ‍ൗയാഴ്‌ച തന്നെ നൽകുമെന്ന്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പി എം ശ്രീയിൽ ഒപ്പിടാത്തതുമൂലം നേരത്തെ തടഞ്ഞുവച്ച ഫണ്ടാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *