ഭക്ഷണം കഴിച്ച് ബിൽ നൽകാതെ മുങ്ങിയ അഞ്ച് സഞ്ചാരികളെ ഹോട്ടൽ ജീവനക്കാർ ഓടിച്ചിട്ട് പിടികൂടി

ജയ്പൂർ: ഭക്ഷണം കഴിച്ച് ബിൽ നൽകാതെ മുങ്ങിയ അഞ്ച് സഞ്ചാരികളെ ഹോട്ടൽ ജീവനക്കാർ ഓടിച്ചിട്ട് പിടികൂടി. ഗുജറാത്തിൽ നിന്ന് രാജസ്ഥനിലേക്ക് എത്തിയ സഞ്ചാരികളെയാണ് ജീവനക്കാർ പിന്തുടർന്ന് പിടികൂടിയത്. ഒക്ടോബർ 25ന് രാജസ്ഥാനിലെ സിയാവ ഗ്രാമത്തിന് സമീപമുള്ള ഹാപ്പി ഡേ ഹോട്ടലിലാണ് സംഭവം. അഞ്ചുപേരടങ്ങുന്ന സ്ത്രീയടക്കമുള്ള സംഘം പതിനായിരം രൂപയ്ക്ക് കഴിച്ച ശേഷം ബിൽ നൽകാതെ ശുചിമുറി വഴി പുറത്തിറങ്ങുകയും കാറിൽ കയറി മൂങ്ങുകയുമായിരുന്നു.
ഹോട്ടലിലെ സിസിടിവി ക്യാമറകളിൽ സംഭവം പതിയുകയും ഉടൻ തന്നെ ഹോട്ടൽ ജീവനക്കാർ കാറുമായി ഇവരെ പിന്തുടരുകയും ചെയ്തു. പൊലീസിന്റെ സഹായത്തോടെ ഗുജറാത്ത് അതിർത്തിക്കടുത്തുവച്ച് ജീവനക്കാർ ഇവരുടെ വാഹനം തടഞ്ഞു നിർത്തി. വാഹനം തടഞ്ഞ ശേഷം വീഡിയോ റെക്കാർഡ് ചെയ്ത ഒരാൾ സഞ്ചാരികളോട്, 10,000 രൂപയുടെ ബില്ലുണ്ടാക്കിയിട്ട് നിങ്ങൾ എന്തിനാണ് ഭക്ഷണം കഴിച്ച് ഹോട്ടലിൽ നിന്ന് ഓടിപ്പോയത്? ഇത്രയും വില കൂടിയ കാറുകളൊക്കെ ഓടിക്കുന്ന നിങ്ങൾ തട്ടിപ്പുകാരാണ്.
വില കൂടിയ വാഹനങ്ങളിൽ കറങ്ങി നടന്നിട്ട് ഭക്ഷണം കഴിച്ച ശേഷം ഓടിപ്പോവുകയാണോ” ചെയ്യുന്നതെന്ന് വീഡിയോയിൽ ചോദിക്കുന്നത് കേൾക്കാം.ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപക വിമർശനമാണ് സംഘത്തിനെതിരെ ഉയരുന്നത്. “ഇതാണ് ഇന്ത്യയിലെ ധനികരുടെ മാനസികാവസ്ഥയുടെ ചുരുക്കം. ഇഎംഐയിൽ ആഢംബരം, കടത്തിൽ ധാർമ്മികത. ഇവർ ബില്ലിൽ നിന്നല്ല, ഉത്തരവാദിത്വത്തിൽ നിന്നാണ് ഒളിച്ചോടുന്നത്,” ഒരാൾ കമന്റ് ചെയ്തു. ഹോട്ടൽ ജീവനക്കാരുടെയും പൊലീസിന്റെയും വേഗത്തിലുള്ള നടപടിയെ ഒട്ടേറെ പേർ പ്രശംസിച്ചു കമന്റുകൾ രേഖപ്പെടുത്തി. ഇത്തരം നടപടികളാണ് നിയമവും നീതിന്യായ വ്യവസ്ഥയും നിലനിർത്തുന്നതെന്ന് പലരും ചൂണ്ടിക്കാണിച്ചു.



