ഹോട്ടലുടമ ജസ്റ്റിന്‌റെ കൊലപാതകം; പ്രതികളെ പിടികൂടിയത് സാഹസികമായി

തിരുവനന്തപുരം: തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ ഹോട്ടലുടമ ജസ്റ്റിന്‍ രാജിന്‌റെ കൊലപാതക കേസിലെ പ്രതികളെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പ്രതികളെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്. മദ്യലഹരിയില്‍ ആയിരുന്ന പ്രതികള്‍ പൊലീസിനെ ആക്രമിച്ചു. വിഴിഞ്ഞം എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഡല്‍ഹി സ്വദേശി ദില്‍കുമാര്‍, അടിമലത്തുറ സ്വദേശി രാജേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ജസ്റ്റിനും കൊലപാതകികളും തമ്മില്‍ ജോലിക്ക് വരാത്ത വിഷയത്തില്‍ തര്‍ക്കം ഉണ്ടായതായി പ്രതികള്‍ സമ്മതിച്ചു. അതേ സമയം ജസ്റ്റിന്‍ രാജ് ഇടപ്പഴഞ്ഞിയില്‍ വരാന്‍ ഉപയോഗിക്കുന്ന സ്‌കൂട്ടറിനായി തിരച്ചില്‍ തുടരുകയാണ്. എട്ട് ജീവനക്കാരാണ് ജസ്റ്റിന്‌റെ ഹോട്ടലിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പ്രതികളും ഹോട്ടലില്‍ എത്തിയിരുന്നില്ല. ഇവരെ തിരക്കി ജസ്റ്റിന്‍ ഇടപ്പഴിഞ്ഞിയില്‍ തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ സുഹൃത്തിന്‌റെ സ്‌കൂട്ടറില്‍ പോവുകയായിരുന്നു. ഈ സ്‌കൂട്ടറാണ് കാണാതായത്.

ഏറെ നേരെമായിട്ടും ജസ്റ്റിനെ കാണാതായതിനെ തുടര്‍ന്ന് ഹോട്ടലിലെ മറ്റ് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് ജസ്റ്റിനെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരള കഫേയുടെ നാല് പാര്‍ട്ട്ണര്‍മാരില്‍ ഒരാളാണ് ജസ്റ്റിന്‍. ജസ്റ്റിനാണ് എല്ലാദിവസവും രാവിലെ അഞ്ച് മണിക്ക് ഹോട്ടല്‍ തുറക്കുന്നത്. സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി എം സത്യനേശന്റെ മകളുടെ ഭര്‍ത്താവാണ് ജസ്റ്റിന്‍ രാജ്. സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് കൊലപാതകം നടന്ന സ്ഥലത്തെത്തി സാഹചര്യങ്ങള്‍ നിരീക്ഷിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *