ബംഗാളിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി. ഹിന്ദുക്കൾ വീടുകളിൽ ആയുധം കരുതണമെന്ന് ബിജെപി നേതാവ്. ബംഗാൾ ബിജെപി മുൻ അധ്യക്ഷൻ ദിലീപ് ഘോഷാണ് പ്രകോപന പരാമർശം നടത്തിയത്. നോർത്ത് 24 പർഗാനാസിലെ പൊതു റാലിയിലാണ് ആഹ്വാനം നടത്തിയത്.
‘ഹിന്ദുക്കൾ ഫർണിച്ചറുകൾ വാങ്ങുന്നു. പക്ഷേ വീടുകളിൽ ആയുധങ്ങൾ ഇല്ല. എന്തെങ്കിലും സംഭവിച്ചാൽ പൊലീസിനെ വിളിക്കും, പക്ഷേ അവർ നിങ്ങളെ രക്ഷിക്കില്ല. എല്ലാവരും വീടുകളിൽ ആയുധം കരുതണം എന്നായിരുന്നു ദിലീപ് ഘോഷിന്റെ പരാമർശം.
ഇത്തരം പ്രകോപനപരമായ പരാമർശങ്ങൾ ജനങ്ങൾക്കിടയിലെ സാമുദായിക ഐക്യം തകർക്കുമെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. മുർഷിദാബാദിൽ പ്രതിഷേധത്തിനിടെ മൂന്നുപേർ കൊല്ലപ്പെട്ടതിനു പിന്നാലെ വിവിധ ഇടങ്ങളിൽ സംഘർഷം രൂക്ഷമാണ്. നിലവിലെ സാഹചര്യത്തിൽ ദുരന്തബാധിത മേഖലകൾ സന്ദർശിക്കരുതെന്ന നിർദ്ദേശം ലംഘിച്ച് ബിജെപി നേതാവും അനുകൂലികളും സന്ദർശനം നടത്തിയതും സംഘർഷത്തിൽ കലാശിച്ചിരുന്നു. അതേസമയം സംസ്ഥാനത്തെ സാഹചര്യങ്ങൾ വിലയിരുത്താൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയോഗിച്ച മൂന്നംഗ സംഘം പശ്ചിമബംഗാളിൽ എത്തി. സംഘർഷബാധിത മേഖലകളായ മുർഷിദാബാദ്, മാൾഡ എന്നിവിടങ്ങളിൽ സന്ദർശനം തുടരുകയാണ്.