കേരള ഐഎസ് മൊഡ്യൂള്‍ കേസില്‍ എന്‍ഐഎയ്ക്ക് തിരിച്ചടി; രണ്ട് പേര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ഭീകരസംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാനായി കേരളത്തില്‍ സംഘടനയുടെ ശാഖ രൂപീകരിച്ചെന്ന് ചൂണ്ടിക്കാട്ടി എൻഐഎ രജിസ്റ്റർ ചെയ്ത കേസില്‍ അറസ്റ്റിലായ രണ്ട് യുവാക്കള്‍ക്ക് ജാമ്യം. കേസില്‍ എന്‍ഐഎ പ്രതിചേര്‍ത്ത ആഷിഫ്, ഷിയാസ് ടിഎസ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.


ദീര്‍ഘകാലമായി ജയിലില്‍ തുടരുന്നു, കേസില്‍ ഇതുവരെ വിചാരണ ആരംഭിച്ചില്ല തുടങ്ങിയ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും എന്‍ഐഎ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തളളി. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

തൃശൂരില്‍ ഐഎസ് മോഡ്യൂള്‍ രൂപീകരിച്ചെന്ന കേസില്‍ ആഷിഫ്, ഷിയാസ് ടിഎസ്, നബീല്‍ അഹമ്മദ്, സഹീര്‍ തുര്‍ക്കി എന്നിവരെ പ്രതിയാക്കി 2024 ജനുവരിയിലാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്ന നബീലും ആഷിഫും കേരളത്തില്‍ ഐഎസ് ശാഖ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചെന്നായിരുന്നു എന്‍ഐഎയുടെ കണ്ടെത്തല്‍. 2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കൊച്ചി എന്‍ഐഎ കോടതിയില്‍ കഴിഞ്ഞ വര്‍ഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഖത്തറില്‍ താമസിച്ച കാലയളവില്‍ നബീലും ആഷിഫും ഐഎസില്‍ ചേർന്ന് പ്രവർത്തിച്ചിരുന്നതായി എൻഐഎ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഖത്തറിലായിരിക്കെ ഇരുവരും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ സജീവ പങ്കാളികളായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുളള ഇവര്‍ പിഎഫ്‌ഐയ്ക്ക് വേണ്ടി കൊലപാതകങ്ങള്‍ നടത്തുകയും അക്രമാസക്തമായ നിരവധി പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. കേരളത്തിലേക്ക് തിരിച്ചെത്തിയ ഇരുവരും ഐഎസ് നിയന്ത്രിത പ്രദേശങ്ങളിലേക്ക് കുടിയേറാനുളള ഫണ്ട് സ്വരൂപിക്കാനാണ് മൊഡ്യൂളിന് രൂപം നല്‍കിയത്. തീവ്ര ആശയങ്ങള്‍ പ്രചരിപ്പിച്ച് യുവാക്കളെ തീവ്രവാദികളാക്കി മാറ്റി ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാൻ ഇവർ ലക്ഷ്യമിട്ടിരുന്നതായും എൻഐഎ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

പ്ലാറ്റ്‌ഫോമില്‍ വീണ ഭക്ഷണപ്പൊതികള്‍ വന്ദേഭാരത് ട്രെയിനില്‍ വിതരണം ചെയ്യാന്‍ ശ്രമം; പരാതിപ്പെട്ട് യാത്രക്കാര്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *