സംസ്ഥാനത്ത് നാശം വിതച്ച് കനത്ത മഴയും കാറ്റും; രണ്ട് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് നാശം വിതച്ച് കനത്ത മഴയും കാറ്റും തുടരുന്നു. മഴക്കെടുതിയിൽ രണ്ടുപേർ മരിച്ചു. കണ്ണൂർ കണ്ണവത്ത് വീടിന് മുകളിൽ മരം വീണ് ഗൃഹനാഥനും ഇടുക്കി ഉടുമ്പൻചോലയിൽ മരം വീണ് തോട്ടം തൊഴിലാളിയുമാണ് മരിച്ചത്. കോഴിക്കോടും തൃശൂരും മിന്നൽചുഴലിയിൽ വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് വീടുകൾ തകർന്നു. കോഴിക്കോട് കട്ടിപ്പാറയിൽ മണ്ണിടിച്ചിലുണ്ടായി.
പെരുവ സ്വദേശി ചന്ദ്രനാണ് കണ്ണൂർ കണ്ണവത്ത് വീടിനു മുകളിൽ മരം വീണ് മരിച്ചത്. തോട്ടം തൊഴിലാളിയായ തമിഴ്നാട് തേനി സ്വദേശി ലീലാവതിയാണ് ഉടുമ്പൻചോലയിൽ മരം വീണ് മരിച്ചത്. തൃശൂർ ഇരിങ്ങാലക്കുട പടിയൂരിൽ മിന്നൽ ചുഴലിയിൽ വീടുകളുടെ മേൽക്കൂരകൾ പറന്നുപോയി.
കോഴിക്കോട് കല്ലാച്ചിയിൽ തെരുവൻ പറമ്പ് നാദാപുരം പഞ്ചായത്ത് നാലാം വാർഡിൽ വീശിയ മിന്നൽ ചുഴലിയിൽ നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ കടപുഴകി വീണു. പ്രദേശത്തെ വൈദ്യുത ബന്ധവും തകരാറിലായി. കോഴിക്കോട് കട്ടിപ്പാറ മണ്ണാത്തിയേറ്റ് മലയിൽ മണ്ണിടിച്ചിലുണ്ടായി. പ്രദേശത്തെ 17 വീടുകളിലുള്ളവരോട് മാറി താമസിക്കാൻ നിർദേശം നൽകി.
പാലക്കാടും വ്യാപക നാശനഷ്ടമുണ്ടായി. മണ്ണാർക്കാട് നിന്നും ഭീമനാട്ടേക്ക് പോകുന്ന റോഡിൽ വിള്ളൽ കണ്ടെത്തി. നെല്ലിയാമ്പതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മണ്ണാർക്കാട് തിരുവിഴാംകുന്ന് മേഖലയിലും ഒറ്റപ്പാലത്തും വീടുകൾക്ക് മേലെ മരം വീണു. അട്ടപ്പാടിയിൽ കനത്ത മഴയിൽ പോസ്റ്റ് തകർന്നുണ്ടായ വൈദ്യുതി തടസ്സം പുനസ്ഥാപിക്കാനായില്ല. ഇടുക്കി-അടിമാലി നേരിയമംഗലം ദേശീയപാതയിൽ മരം വീണ് ഗതാഗത തടസ്സമുണ്ടായി.
ജലനിരപ്പുയർന്നതിനെ തുടർന്ന് ഇടുക്കിയിലെ മൂഴിയാർ, പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ,ലോവർ പെരിയാർ ഡാമുകളിലും തൃശൂർ, ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വയനാട് ബാണാസുരസാഗർ ഡാമിലും റെഡ് അലർട്ടാണുള്ളത്. ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തൃശൂർ കോട്ടപ്പുറത്ത് വീട് ഇടിഞ്ഞു താഴ്ന്നു. കണ്ണപറ മേലേതിൽ പരമേശ്വരന്റെ വീടാണ് ഇടിഞ്ഞുവീണത്.