പുഴയോരത്തെ ഏറുമാടത്തിൽ അർധപട്ടിണിയിൽ മൂന്ന് ആദിവാസി കുട്ടികളെ ആരോഗ്യ പ്രവർത്തകർ കണ്ടെത്തി. അടിമാലി മാങ്കുളം പഞ്ചായത്തിലെ വലിയപാറകുട്ടി ആദിവാസി കോളനിയോട് ചേർന്ന് കുറത്തികുടി ആദിവാസി സങ്കേതത്തിലെ ജയ്മോന്റെ മൂന്ന് മക്കളെയാണ് ഏറുമാടത്തിൽ കണ്ടെത്തിയത്. 11ഉം 7ഉം അഞ്ചും വയസ് പ്രായമുള്ള രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ഏറുമാടത്തിൽ കഴിയുന്നത്. പിതാവ് ജയ്മോൻ ദിവസവും രാവിലെ ജോലിക്ക് പോകും. രാത്രി 10 മണിയോടെയാണ് പലപ്പോഴും തിരിച്ച് വരുന്നത്. ഈ സമയം കുട്ടികൾ മൂന്നും ഏറുമാടത്തിലാണ് കഴിച്ച് കൂട്ടുന്നത്. രാവിലെ ഉണ്ടാക്കി നൽകുന്ന കഞ്ഞി മാത്രമാണ് ഇവരുടെ ആഹാരം. കറികളോ മറ്റോ അയൽ വീട്ടിലുള്ളവർ വല്ലപ്പോഴും നൽകും. ഇവരുടെ അമ്മ ഉപേക്ഷിച്ച് പോയതാണെന്ന് കുട്ടികൾ പറയുന്നു.
പുഴയിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരത്തിലാണ് ജയ്മോൻ ഏറുമാടം നിർമിച്ച് താമസം തുടങ്ങിയത്. കുട്ടികൾ വിദ്യാലയങ്ങളിലോ മറ്റോ പോയിട്ടുമില്ല. കൃത്യമായ പോഷകാഹാരമോ വിദ്യാഭ്യാസമോ സുരക്ഷിതമായ താമസ സൗകര്യമോ ഇല്ലാതെയാണ് കുഞ്ഞുങ്ങൾ കഴിയുന്നത്. കാട്ടാന ഉൾപ്പെടെ വിവിധ വന്യ മൃഗങ്ങൾ ധാരാളമുള്ള പ്രദേശത്താണ് കുഞ്ഞുങ്ങൾ ഒറ്റക്ക് കഴിയുന്നത്. മാങ്കുളം പി.എച്ച്.സിക്ക് കീഴിലെ പൊതുജനാരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ ഹൽമാസ് ഹമീദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ടി. പ്രിയാവതി എന്നിവർ വലിയ പാറക്കുട്ടിയിൽ മുൻഗണന ഭവന സന്ദർശനത്തിനിടയിൽ പുഴയോരത്ത് ഏറുമാടത്തിൽ മൂന്ന് കുട്ടികൾ താമസിക്കുന്നതായി കണ്ടെത്തിയത്. കുട്ടികൾക്ക് അവശ്യ ഭക്ഷണസാധനങ്ങൾ നൽകി ഹെൽത്ത് ഇൻസ്പെക്ടറെ അറിയിക്കുകയും മാങ്കുളം മെഡിക്കൽ ഓഫീസർ ചൈൽഡ് ലൈൻ അധികൃതർക്ക് വിവരം നൽകുകയും ചെയ്തു. കുട്ടികളെ ചൈൽഡ് ലൈൻ ഏറ്റെടുക്കും.