പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതിയായ വ്ളോഗറെ പങ്കെടുപ്പിച്ച സംഭവത്തിൽ ഹെഡ്‌മാസ്റ്റർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതിയായ വ്ളോഗറെ പങ്കെടുപ്പിച്ച സംഭവത്തിൽ ഹെഡ്‌മാസ്റ്റർക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം ഫോർട്ട് ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർ ടി.എസ് പ്രദീപ് കുമാറിനെയാണ് സർക്കാർ നിർദ്ദേശപ്രകാരം സസ്‌‌പെൻഡ് ചെയ്‌തത്. വ്ളോഗറും പോക്‌സോ കേസ് പ്രതിയുമായ മുകേഷ് എം നായരായിരുന്നു ഫോർട്ട് ഹൈസ്‌കൂളിലെ ചടങ്ങിൽ മുഖ്യാതിഥി. സംഭവത്തിൽ പ്രദീപ് കുമാറിന് വീഴ്‌ചപറ്റി എന്നാണ് റിപ്പോർട്ട്.

പ്രവേശനോത്സവത്തിൽ പോക്‌സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചത് തെറ്റാണെന്നും വിഷയത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി മുൻപ് അറിയിച്ചിരുന്നു. ഫോർട്ട് ഹൈസ്‌കൂളിലെ പ്രഥമാദ്ധ്യാപകൻ തന്നെ വന്ന് കണ്ടിരുന്നതായും പ്രഥമാദ്ധ്യാപകനും അദ്ധ്യാപകർക്കും ഈ വ്യക്തിയുടെ കേസ് അറിയില്ലെന്ന് പറഞ്ഞതായും അത് ശരിയല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

സ്‌കൂൾ മാനേജർ നടപടിയെടുക്കണമെന്നും ഇല്ലെങ്കിൽ സർക്കാർ നേരിട്ട് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.ഫോർട്ട് ഹൈസ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ സ്‌കൂളിലേക്കുള്ള പഠനോപകരണ വിതരണം നടത്തിയ ജെ.സി.ഐ എന്ന സംഘടനയാണ് പോക്‌സോകേസ് പ്രതിയും വ്‌‌ളോഗറുമായ മുകേഷ് എം.നായരെ ക്ഷണിച്ചത്. കേസിൽ ഉപാധികളോടെ ജാമ്യത്തിൽ നിൽക്കവേയാണ് ഇയാൾ പരിപാടിയിൽ പങ്കെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *