‘എന്റെ മകളെ കൊന്നവൻ’; അമീബിക് മസ്‌തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്‌ടറെ വെട്ടിപ്പരിക്കേൽപ്പിച്ചു

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം. ഡോ. വിപിന് നേരെയാണ് ആക്രമണമുണ്ടായത്. താമരശ്ശേരിയിൽ അമീബ്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒൻപതുവയസുകാരി അനയയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റ ഡോക്ടറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മതിയായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് മകൾ മരിച്ചതെന്ന് ആരോപിച്ചുകൊണ്ടാണ് ഡോക്ടറെ വെട്ടിയത്. ‘എന്റെ മകളെ കൊന്നവൻ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. രോഗിയുടെ ബന്ധുക്കളോട് സംസാരിച്ചുകൊണ്ടിരിക്കവേയാണ് സനൂപ് സ്ഥലത്തെത്തി ഡോക്ടറെ വെട്ടിയത്.

സൂപ്രണ്ടിനെ അന്വേഷിച്ചാണ് സനൂപ് ആശുപത്രിയിലെത്തിയത്. ഈ സമയം സൂപ്രണ്ട് അവിടെ ഉണ്ടായിരുന്നില്ല. രണ്ട് കുട്ടികളും ഇയാൾക്കൊപ്പം ഉണ്ടായിരുന്നു. വിപിനെ കണ്ടതോടെ ആക്രമിക്കുകയായിരുന്നു. വിപിനാണോ അനയയെ ചികിത്സിച്ചതെന്ന് വ്യക്തമല്ല. സനൂപിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.പനി ബാധിച്ച അനയയുമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു ആദ്യം സനൂപ് എത്തിയത്. അവിടെവച്ചാണ് അസുഖം മൂർച്ഛിച്ചത്.

കോഴിക്കോട്‌ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തെങ്കിലും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് മരണം സംഭവിച്ചു. ഇളയ കുട്ടിയ്‌ക്കും നേരത്തെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നു.ഓഗസ്റ്റിലാണ് താമരശേരി ആനപ്പാറയിൽ സനൂപിന്റെ മകൾ അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. അനയയും സഹോദരങ്ങളും വീടിന് സമീപത്തെ കുളത്തിൽ നീന്തൽ പരിശീലിച്ചിരുന്നു. ഇവിടെ നിന്നാകാം രോഗം ബാധിച്ചതെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *