‘മന്ത്രിയാണ്, കുടുംബകാര്യമായി മാത്രം കാണാനാകില്ല’, ഗണേഷ്-ബിന്ദു മേനോൻ വിവാദത്തിൽ ചെന്നിത്തല

തിരുവനന്തപുരം : ഇടതു മന്ത്രി സഭയിലെ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ നടത്തിയ ആരോപണങ്ങളിൽ മൌനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് രമേശ്‌ ചെന്നിത്തല. ഒരു മന്ത്രിക്ക് എതിരെ ഇത്രയും ഗൗരവകരമായ ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി ഒരു നടപടിയും സ്വീകരിക്കാതിരുന്നത് തെറ്റായിപ്പോയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർന്ന സാഹചര്യത്തിൽ, ഗണേഷ് കുമാർ പറയും പോലെ വ്യക്തിപരമായ കാര്യമോ, കുടുംബകാര്യമോ മാത്രം ഇതിനെ കാണാൻ കഴിയില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ ഒരു മന്ത്രിയാണ് ഗണേഷ് കുമാർ. വിഷയം ഒത്തുതീർപ്പാക്കിയെന്ന് പറഞ്ഞ് അവസാനിപ്പിക്കാനാകില്ല. മുഖ്യമന്ത്രി ഇത്തരം നിലപാട് സ്വീകരിക്കുന്നത് തികച്ചും അധാർമികവും നിയമവിരുദ്ധവുമാണ്. കോൺഗ്രസ്‌ പ്രതിഷേധം തുടരും. മന്ത്രി ചെയ്തത് ഗുരുതരമായ തെറ്റാണ്. മന്ത്രിയുടെ രാജിയിൽ ഉറച്ചു നിൽക്കുന്നു. മുഖ്യമന്ത്രി ഒളിച്ചു കളി അവസാനിപ്പിക്കണം. വിഷയത്തിൽ ഇടതുപക്ഷം മറുപടി പറയാൻ തയ്യാറാകണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.  

സംസ്ഥാന ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിനെതിരെ അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളുമായാണ് ഭാര്യ ബിന്ദു മേനോൻ ഇന്നലെ രംഗത്ത് വന്നത്. രണ്ട് മാസം മുൻപ് വാളകത്തെ വീട്ടിൽ വെച്ച് ഗണേഷ് കുമാറിനെ അതീവ മോശമായ സാഹചര്യത്തിൽ താൻ നേരിട്ടു കണ്ടുവെന്നും ഇതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അവർ വെളിപ്പെടുത്തി. തനിക്ക് മാനസികാസ്വാസ്ഥ്യമാണെന്ന് വരുത്തിത്തീർക്കാൻ മന്ത്രി ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ എല്ലാം തുറന്നു പറയുന്നതെന്നും ബിന്ദു വ്യക്തമാക്കി. വർഷങ്ങളായി താൻ ഇതെല്ലാം സഹിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

വാളകത്തെ വീട്ടിൽ വെച്ച് മന്ത്രിയെ മോശം സാഹചര്യത്തിൽ കണ്ടപ്പോൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച തന്നെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ തടഞ്ഞുവെന്നും ബിന്ദു ആരോപിച്ചു. സ്റ്റാഫായ ശാന്തൻ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും പ്രദീപ് എന്നയാൾ മുറിയുടെ വാതിൽ അടച്ച് തന്നെ തടയുകയും ചെയ്തു. അവിടെയുണ്ടായിരുന്ന സ്ത്രീയെ ശാന്തൻ തന്നെ കാറിൽ കയറ്റി വിടുകയായിരുന്നു. പിന്നീട് മന്ത്രി മുറിയിൽ കയറി വാതിൽ അടച്ചു. “സാറിന് ഒരു തെറ്റ് പറ്റിപ്പോയി” എന്ന് സെക്രട്ടറി മനോജ് തന്നോട് സമ്മതിച്ചതായും ബിന്ദു മേനോൻ വെളിപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *