ബോളിവുഡിലെ ശ്രദ്ധേയ താരമാണ് അനുപ്രിയ ഗോയിങ്ക.പദ്മാവദ്, ടൈഗർ സിന്ദാ ഹേ, വാർ തുടങ്ങിയ ഹിറ്റ് സിനിമകളിൽ താരം മികച്ച അഭിനയം കാഴ്ച്ചവെച്ചിരുന്നു. ഇപ്പോഴിതാ സിനിമാ ഷൂട്ടിംഗിനിടെ തനിക്ക് നേരിടേണ്ടി വന്ന ചില മോശം അനുഭവങ്ങൾ തുറന്നു പറയുകയാണ് താരം. സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് നടി ഷൂട്ടിംഗിനിടെയുണ്ടായ ചില മോശം അനുഭവങ്ങൾ വെളുപ്പെടുത്തിയത്.
ഇന്റിമേറ്റ് സീൻ ചെയ്യുന്നതിനിടെ ഒരു നടൻ തന്റെ നിതംബത്തിൽ കടന്നു പിടിച്ചു എന്നാണ് അനുപ്രിയ വെളിപ്പെടുത്തിയത്. മുതലെടുത്തു എന്ന് പറയില്ലെന്നും താരം വ്യക്തമാക്കി. മറ്റൊരു സിനിമയിൽ അഭിനയിക്കുന്നതിനിടെ അരക്കെട്ടിൽ പിടിക്കേണ്ടതിന് പകരം നടൻ നിതംബത്തിൽ പിടിക്കാനാണ് പോയതെന്നും താരം പറയുന്നു.
അനുപ്രിയ ഗോയിങ്കയുടെ വാക്കുകൾ ഇങ്ങനെ
”രണ്ടു തവണ അങ്ങനെ സംഭവിച്ചു. ആ വ്യക്തി എന്നെ മുതലെടുത്തു എന്ന് ഞാൻ പറയില്ല. ഇന്റിമേറ്റ് സീൻ ചെയ്യുന്നതിനിടെ ആവേശം കൂടി അയാൾ കയറിപ്പിടിക്കുകയായിരുന്നു. അയാൾ ആവേശഭരിതനാകുന്നത് എനിക്ക് കാണാമായിരുന്നു. പക്ഷേ അഭിനയം അങ്ങനെയാകരുത്. അപ്പോൾ അതിക്രമത്തിന് ഇരയായതായും അസ്വസ്ഥയായും തോന്നും. ചുംബനരംഗം ചെയ്യുന്നതിനിടെയാണ് ഇത് സംഭവിച്ചത്. മറ്റൊരു സിനിമയിൽ ഞാൻ അത്ര കംഫർട്ടബിൾ അല്ലാത്ത വസ്ത്രമാണ് ധരിച്ചത്. അതിലെ നടന് സ്ത്രീയുടെ അരയിൽ പിടിക്കുന്ന സീൻ എളുപ്പത്തിൽ ചെയ്യാനാകുമെന്ന് ഞാൻ കരുതി. പക്ഷേ അയാൾ എന്റെ നിതംബത്തിൽ പിടിക്കാനാണ് പോയത്. അത് ആവശ്യമില്ലായിരുന്നു.
അയാൾക്ക് എന്റെ അരയിൽ കൈവച്ചാൽ മതി. ഞാൻ അയാളുടെ കൈ എടുത്ത അരക്കെട്ടിലേക്ക് നീക്കി വച്ചു. അധികം താഴോട്ടു പോകരുതെന്ന് പറഞ്ഞു. എന്നാൽ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അയാളോടു ചോദിക്കാൻ എനിക്ക് അപ്പോൾ കഴിഞ്ഞില്ല. തെറ്റ് പറ്റി എന്നു അയാൾ എന്നോടു പറഞ്ഞു. അയാളോട് ആ സമയത്ത് ഒന്നും പറയാൻ പറ്റിയില്ല. പക്ഷേ അടുത്ത ടേക്കിൽ ഇങ്ങനെ ചെയ്യരുതെന്ന് അയാളോടു പറഞ്ഞു. അത് അയാൾ ശ്രദ്ധിക്കുകയും ചെയ്തു.”
ഓഡിഷന്റെ മറവിൽ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചും അഭിമുഖത്തിൽ അനുപ്രിയ സംസാരിക്കുന്നുണ്ട്. താൻ ഒരിക്കലും എ ഗ്രേഡ് സിനിമകൾ, ബി ഗ്രേഡ് സിനിമകൾ എന്നിങ്ങനെ വേർതിരിച്ചു കണ്ടിരുന്നില്ലെന്നാണ് അനുപ്രിയ പറയുന്നത്. എന്നാൽ പലപ്പോഴും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നാണ് അനുപ്രിയ പറയുന്നത്. ”മിക്ക ബി ഗ്രേഡ് സിനിമകളുടെ ഓഡിഷൻ നടന്നിരുന്നത് രാത്രിയായിരുന്നു. അതും സംവിധായകന്റേയും നിർമ്മാതാവിന്റേയും വീടുകളിൽ വച്ചായിരുന്നു” എന്നാണ് അനുപ്രിയ പറയുന്നത്.
”എന്നെ ഓഡിഷന് വേണ്ടി ക്ഷണിക്കും പക്ഷെ അവർ ആകെ ആവശ്യപ്പെടുക നിർമ്മാതാവിനോട് സംസാരിക്കണം എന്ന് മാത്രമാകും. ആദ്യമൊക്കെ ഞാൻ അവർ പറഞ്ഞത് കേട്ടിരുന്നു. എല്ലാം പ്രോസസിന്റെ ഭാഗമായിരിക്കുമെന്ന് കരുതി. പക്ഷെ പതിയെ ഞാൻ നിരസിക്കാൻ ആരംഭിച്ചു. അത്തരം ഓഡിഷനുകൾക്ക് പോകുന്നത് നിർത്തി.”എന്നാണ് താരം പറയുന്നത്. നിറത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ടതിനെക്കുറിച്ചും അനുപ്രിയ സംസാരിക്കുന്നുണ്ട്.
സൽമാൻ ഖാൻ നായകനായ സുൽത്താന് വേണ്ടി അനുപ്രിയ ഓഡിഷനിൽ പങ്കെടുത്തിരുന്നു. പത്തിലധികം ഓഡിഷൻ ടെസ്റ്റുകൾ നൽകിയിട്ടും താൻ ഒടുവിൽ പുറത്തായി. ഇരുണ്ട നിറമാണെന്നും വൈആർഎഫിന്റെ നായകമാർക്ക് വേണ്ടി സൗന്ദര്യമില്ലെന്നും പറഞ്ഞാണ് തന്നെ ഒഴിവാക്കിയതെന്നുമാണ് അനുപ്രിയ പറയുന്നത്.
”ഞാൻ സുൽത്താന് വേണ്ടി ഓഡിഷൻ ചെയ്തിരുന്നു. അവർ പുതുമുഖങ്ങളെയാണ് നോക്കിയത്. പത്തോ പന്ത്രണ്ടോ റൗണ്ട് പിന്നിട്ടു. മ്യൂസിക് വീഡിയോ ടെസ്റ്റും വൈബവി മർച്ചന്റിനൊപ്പം ഡാൻസ് ടെസ്റ്റുമെല്ലാം ചെയ്തു. ഒടുവിൽ അലി അബ്ബാസ് സഫറിനൊപ്പം തിരക്കഥ വായിക്കുകയും ചെയ്തു” എന്നാണ് അനുപ്രിയ പറയുന്നത്. എല്ലാ ടെസ്റ്റുകളും നന്നായി ചെയ്തിട്ടും തന്നെ ഒഴിവാക്കുകയാണ് ചെയ്തത്. ഒടുവിൽ ചിത്രത്തിൽ നായികയായത് അനുഷ്ക ശർമയാണ്.