കേരളത്തിന്റെ നേതാവായി മാറി’: വിഎസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം∙ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ജീവിതം ആധുനിക കേരളത്തിന്റെ വളര്‍ച്ചയുമായി അഭേദ്യമായി ബന്ധപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം നിശാഗന്ധിയിൽ സിപിഎം സംഘടിപ്പിച്ച വിഎസ് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്നത്തെ കേരളം ഈ രീതിയില്‍ വാര്‍ത്തെടുക്കുന്നതിന് ഉജ്വലമായ നേതൃത്വം കൊടുത്തവരിയില് ഒരാളാണ് വിഎസ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെറുപ്പത്തില്‍ തന്നെ ദേശീയ പ്രസ്ഥാനത്തില്‍ പങ്കുവഹിക്കുകയും തൊഴിലാളി സംഘടനാ രംഗത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും സജീവമാകുകയും ചെയ്തു. സഖാവ് കൃഷ്ണപിള്ളയുടെ നിര്‍ദേശപ്രകാരം കുട്ടനാടന്‍ മേഖലയിലെ കര്‍ഷകരെ സംഘടിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടത് വിഎസിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഏടുകളാണ്. നാം അറിയുന്ന വിഎസിനെ വാര്‍ത്തെടുത്തത് ഇത്തരം സംഘടനാ പ്രവര്‍ത്തനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘‘കേരളം ഇന്നത്തെ നിലയില്‍ വളരുന്നതില്‍ വിഎസ് വഹിച്ച പങ്ക് പുന്നപ്ര വയലാര്‍ സമരവുമായി ബന്ധപ്പെട്ടതാണ്. അതിന്റെ ഭാഗമായി ഏല്‍ക്കേണ്ടിവന്ന ക്രൂരമര്‍ദനങ്ങള്‍ക്കും വിഎസിനെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. കരുത്തുറ്റ കമ്യൂണിസ്റ്റ് സ്ഥൈര്യത്തിന്റെ പ്രതീകമായി വിഎസ് മാറി. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ അവസാനത്തെ ആളാണ് വിഎസിന്റെ വിയോഗത്തോടെ വിട്ടുപോയത്. സിപിഎമ്മിനെ വളര്‍ത്തിയെടുക്കുന്നതില്‍ അതുല്യമായ പങ്കാണ് വിഎസ് വഹിച്ചത്.’’ – മുഖ്യമന്ത്രി പറഞ്ഞു.
‘‘നിയമസഭാ പ്രവര്‍ത്തനം സ്തുത്യര്‍ഹമായി നടത്താനും വിഎസിനു കഴിഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ കേരളത്തില്‍ എല്ലായിടത്തും ഓടിയെത്തി തുറന്നുകാട്ടേണ്ടതിനെ തുറന്നു കാട്ടുകയും എതിര്‍ക്കേണ്ടതിനെ എതിര്‍ക്കുകയും ചെയ്തു. നാടിന്റെ പരിസ്ഥിതിയും തനിമയും സംരക്ഷിക്കണമെന്ന താല്പര്യമാണ് വിഎസിന് ഉണ്ടായിരുന്നത്.
മുഖ്യമന്ത്രി എന്ന നിലയില്‍ കേരളത്തില്‍ അതുല്യമായ പ്രവര്‍ത്തനമാണ് വിഎസ് കാഴ്ചവച്ചത്. നാടിന്റെ വികസനത്തിനായി നല്ല തോതില്‍ ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ആകെ നേതാവായി മാറിയ വിഎസ് ആണ് ഇപ്പോള്‍ നമ്മളോടൊപ്പം ഇല്ലാത്ത അവസ്ഥ വന്നിരിക്കുന്നത്. സിപിഎമ്മിനും ജനാധിപത്യ സമൂഹത്തിനും അപരിഹാര്യമായ നഷ്ടമാണ് വിഎസിന്റെ വിയോഗം.’’ – മുഖ്യമന്ത്രി പറഞ്ഞു.