വിവാദങ്ങള്‍ക്കിടെ ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി

തിരുവനന്തപുരം : സർവകലാശാലകളിലെ തർക്കങ്ങൾക്കും പ്രതിസന്ധികൾക്കുമിടെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്ന് രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു.

വി സി നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി, സർവകലാശാലാ ബില്ലുകൾ അടക്കമുള്ള കാര്യങ്ങൾ ചർച്ചയായെന്നാണ് സൂചന. ഭാരതാംബ വിവാദത്തിൽ ഗവർണർക്കെതിരെ എസ്എഫ്ഐ സമരം നടത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ രാജ്ഭവൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു.

അതേസമയം കേരള സർവകലാശാലയിൽ വി സിയും സിൻഡിക്കറ്റുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സിൻഡിക്കറ്റ് യോഗം എന്നു വിളിക്കുമെന്നതിൽ തീരുമാനമായിട്ടില്ല. സിൻഡിക്കറ്റ് യോഗം വിളിക്കണമെങ്കിൽ രജിസ്ട്രാർ സസ്പെൻഷൻ നടപടിക്ക് വഴങ്ങണമെന്നതാണ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ ഉപാധി. എന്നാൽ കഴിഞ്ഞ ദിവസവും ഡോ കെ എസ്.അനിൽകുമാർ സർവകലാശാലാ ആസ്ഥാനത്തെ ഓഫീസിലെത്തിയിരുന്നു.

സര്‍വകലാശാലയിലെ നിലനില്‍ക്കുന്ന തര്‍ക്കം രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞിരുന്നു. ആര്‍ക്കും പ്രയാസമില്ലാത്ത തരത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കണം. വിവാദങ്ങളും തര്‍ക്കങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും അതുകൊണ്ടാണ് പരിഹരിക്കാന്‍ ഇടപെട്ടതെന്നും മന്ത്രി പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *