ആറന്മുള വിമാനത്താവള ഭൂമിയിൽ വീണ്ടും കണ്ണുവെച്ച് ഐടി വകുപ്പ്

പത്തനംതിട്ട: ആറന്മുള വിമാനത്താവള ഭൂമിയിൽ വീണ്ടും കണ്ണുവെച്ച് ഐടി വകുപ്പ്. ടോഫലിൻ്റെ പദ്ധതിയുടെ സാധ്യതകൾ തേടി ഐ ടി വകുപ്പ് കളക്ടർക്ക് വീണ്ടും കത്ത് നൽകി. ജൂൺ 16ന് പദ്ധതി ഉപേക്ഷിക്കാൻ ചീഫ് സെക്രട്ടറിതല യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. ഐ ടി സ്പെഷ്യൽ സെക്രട്ടറിയുടെ കത്തും ചീഫ് സെക്രട്ടറി തലയോഗത്തിന്റെ മിനിറ്റ്സും റിപ്പോർട്ടറിന് ലഭിച്ചു.

ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്തായിരുന്നു ഇലക്സ്ട്രോണിക്സ് പാർക്ക് തുടങ്ങാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ സിപിഐ രാഷ്ട്രീയമായി ഈ പദ്ധതിയെ എതിർത്തിരുന്നു. കൃഷി മന്ത്രി പി പ്രസാദും റവന്യൂ മന്ത്രി കെ രാജനും പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ ജൂലൈ രണ്ടിന് വീണ്ടും ഈ പദ്ധതിയുടെ സാധ്യത ആരാഞ്ഞുകൊണ്ട് ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പത്തനംതിട്ട ജില്ലാ കളക്ടർക്ക് കത്ത് നൽകി. ലഭ്യമായ ഭൂമിയുടെ ആകെ അളവ്, ഡ്രൈ ലാൻഡ് എത്ര, ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമി, തണ്ണീർത്തടം എന്നിവയെക്കുറിച്ചാണ് വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയാണ് ഐടി വകുപ്പ് കൈകാര്യം ചെയ്യുന്നത്. സിപിഐ കൃത്യമായി എതിർത്ത പദ്ധതിയായിരുന്നു ആറന്മുളയിലേത്. ജൈവവൈവിധ്യത്തെയും നെൽവയലുകളെയും സംരക്ഷിക്കാൻ ഈ സ്ഥലത്ത് യാതൊരു നിർമാണവും പാടില്ല എന്നായിരുന്നു പദ്ധതി നിർത്തലാക്കിക്കൊണ്ട് മിനുട്സിൽ പറഞ്ഞിരുന്നത്. സിപിഐ ഇക്കാര്യത്തിൽ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *