വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്കോടതിയില്‍ ഹാജരാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ബറ്റാലിയന് എ.ഡി.ജി.പി: എം.ആര്. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ. മനോജിന്റെ ഉത്തരവിനെത്തുടര്‍ന്നാണു നടപടി.
ഹര്‍ജിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട രേഖകള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ പരാതിക്കാരനോട് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് പരാതിക്കാരനായ അഡ്വ. നെയ്യാറ്റിന്‍കര പി. നാഗരാജ് കോടതിയില്‍ വച്ച് രേഖകള്‍ പരിശോധിച്ചു. എം.ആര്. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് തള്ളി കേസെടുക്കണമെന്ന ഹര്‍ജി 28 ന് പരിഗണിക്കും.
ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും വിളിച്ചു വരുത്തി കോടതി പരിശോധിക്കണമെന്ന ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. അജിത് കുമാറിനെതിരെ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഒറിജിനല്‍ അന്വേഷണ ഉത്തരവും ഹാജരാക്കാനും കോടതി ഉത്തരവിട്ടിരുന്നു.
കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പകര്‍പ്പ് മാത്രമാണെന്നും കോടതിയില്‍ സമര്‍പ്പിച്ച സാക്ഷ്യപ്പെടുത്താത്ത റിപ്പോര്‍ട്ടില്‍ തിരിമറി സംശയിക്കുന്നതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.ഡി.ജി.പി. പദവിയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യള്ളതിനാല്, നേരാം വണ്ണം അന്വേഷിക്കാതെ എം.ആര്. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയുളള തട്ടിക്കൂട്ട് റിപ്പോര്‍ട്ട് സര്‍ക്കാരിന് നവംബറില്‍ നല്‍കിയതെന്നും വാദി ഭാഗം ബോധിപ്പിച്ചു.
ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ എന്തിനാണ് പരിഭ്രമിക്കുന്നതെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചിരുന്നു. നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്തതെന്ന് പറഞ്ഞ് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത ഇരുണ്ട പകര്‍പ്പ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു കോടതി ഉത്തരവ്.