സ്ത്രീധനപീഡനം നടത്തിയാൽ ഗ്യാസ് സിലിണ്ടർ കിട്ടില്ല; അറിയിപ്പുമായി സർക്കാർ

ജയ്പൂർ: സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾക്കുനേരെ അതിക്രമം നടത്തുന്നവരുടെ കുടുംബത്തിലേക്കുള്ള എൽപിജി സിലിണ്ടർ വിതരണം നിർത്തലാക്കുമെന്ന് രാജസ്ഥാൻ സർക്കാർ. ഒരു മാസത്തിനുള്ളിൽ ഒരു കുടുംബത്തിലേക്ക് ഒന്നിൽകൂടുതൽ ഗ്യാസ് സിലിണ്ടറുകൾ നൽകുന്നില്ലെന്ന് നിരീക്ഷിക്കുമെന്നും രാജസ്ഥാൻ പൊലീസ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
അതേസമയം, ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമം സംബന്ധിച്ച് തെറ്റായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന മുന്നറിയിപ്പും പൊലീസ് നൽകുന്നുണ്ട്. ഗാർഹിക സിലിണ്ടറുകളുടെ വിതരണം സാധാരണഗതിയിൽ തുടരുന്നുണ്ടെന്നും പരിഭ്രാന്തരാകരുതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കിടരുതെന്നും എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം എൽപിജി സിലിണ്ടർ ക്ഷാമം നേരിടുന്നതയാണ് വിവരം. ഇതിനുപിന്നാലെ കരിഞ്ചന്ത വഴി സിലിണ്ടറുകൾ വിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്.ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗത്തിനും നിയമവിരുദ്ധ സംഭരണത്തിനുമെതിരെ ജില്ലാ പാചകവാതക വിതരണ വകുപ്പ് നടപടി സ്വീകരിച്ചു.
നഗരത്തിലെ വിവിധ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഫാക്ടറികൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങളിൽ നിന്ന് ആകെ 26 ഗാർഹിക എൽപിജി സിലിണ്ടറുകൾ പ്രത്യേക എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു.
1955 ലെ അവശ്യവസ്തു നിയമത്തിന്റെയും എൽപിജി വിതരണ വിതരണ ചട്ടങ്ങളുടെയും ലംഘനങ്ങൾ പ്രകാരമാണ് നടപടി സ്വീകരിച്ചത്. പിടിച്ചെടുത്ത സിലിണ്ടറുകൾ നിയമപ്രകാരം അടുത്തുള്ള ഗ്യാസ് ഏജൻസിക്ക് കൈമാറി. എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർമാരായ രവീന്ദ്ര മീൽ, സന്തോഷ് കുമാർ മീണ, രവീന്ദ്ര മീണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സിലിണ്ടറുകൾ പിടിച്ചെടുത്തത്.



