വീണ്ടും സ്വർണവില കൂടി. ഇന്ന് പവന് 240 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി. ഇന്ന് പവന് 240 രൂപ കൂടി 98,880 രൂപയും ഗ്രാമിന് 30 രൂപ കൂടി 12,360 രൂപയുമായി. ഇന്നലെയും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 480 രൂപ കൂടി 98,640 രൂപയും ഗ്രാമിന് 60 രൂപ കൂടി 12,330 രൂപയുമായിരുന്നു. ഈ മാസം ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ 15നായിരുന്നു. അന്ന് പവന് 99,280 രൂപയും ഗ്രാമിന് 12,410 രൂപയുമായിരുന്നു. ഡിസംബർ 15ന് രണ്ടുതവണയാണ് സ്വർണവിലയിൽ വർദ്ധനവുണ്ടായത്. ഈ മാസം ആരംഭിച്ചതുമുതൽക്കേ സ്വർണവിലയിൽ വലിയ മാ​റ്റങ്ങളാണ് സംഭവിച്ചത്.

രാജ്യാന്തര വിപണിയിൽ ഔൺസിന് 50 ഡോളർ വർദ്ധിച്ചാൽ കേരളത്തിൽ പവൻ വില ഒരു ലക്ഷം രൂപയെന്ന മാന്ത്രിക സംഖ്യ തൊടുമെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്‌ദുൽ നാസർ പറഞ്ഞു. അമേരിക്കയിൽ മുഖ്യ പലിശ നിരക്ക് വീണ്ടും കുറയാനുള്ള സാദ്ധ്യത, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ പണമൊഴുക്കുന്നു, ഡോളറിന് ബദലായി വിവിധ കേന്ദ്ര ബാങ്കുകൾ സ്വർണശേഖരം ഉയർത്തുന്നു. യുക്രെ‌യ്‌ൻ യുദ്ധം യൂറോപ്പിലേക്ക് വ്യാപിക്കുമെന്ന ആശങ്ക ശക്തമാകുന്നു എന്നിവയാണ് ആഗോള തലത്തിൽ സ്വർണവില കൂടാനുള്ള കാരണങ്ങൾ.

വെള്ളിവില മൾട്ടി കമ്മോഡിറ്റി എക്‌സ്ചേഞ്ചിൽ ഇന്നലെ കിലോഗ്രാമിന് രണ്ടു ലക്ഷം രൂപ കവിഞ്ഞു. വ്യാവസായിക മേഖലയിൽ നിന്നുള്ള ആവശ്യമേറുന്നതാണ് വെള്ളിവില ഉയർത്തുന്നത്. ഇന്നും വെള്ളിവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 224 രൂപയും കിലോഗ്രാമിന് 2,​24,​000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 222 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *