സംസ്ഥാനത്ത് ഇന്നുംസ്വർണവിലയിൽ ഇടിവ്’ പവന് 1,520 രൂപ കുറഞ്ഞ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. പവന് 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയും ഗ്രാമിന് 190 രൂപ ഇടിഞ്ഞ് 13,965 രൂപയുമായി. കഴിഞ്ഞ ദിവസവും പവന് 3,680 രൂപ കുറഞ്ഞ് 1,13,240 രൂപയും ഗ്രാമിന് 460 രൂപ ഇടിഞ്ഞ് 14,155 രൂപയായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി രണ്ടിനായിരുന്നു. അന്ന് പവന് 1,07,920 രൂപയും ഗ്രാമിന് 13,490 രൂപയുമായിരുന്നു. ഫെബ്രുവരി ഒന്നിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,17.760 രൂപയും ഗ്രാമിന് 14,720 രൂപയുമായിരുന്നു.
രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണവില ഔൺസിന് 4,820 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. വ്യാപാര യുദ്ധ ഭീതി ഒഴിഞ്ഞതും രാഷ്ട്രീയ സംഘർഷങ്ങൾ മയപ്പെട്ടതുമാണ് വിപണിക്ക് തിരിച്ചടിയായത്. ഇതോടൊപ്പം അമേരിക്കയിലെ ഫെഡറൽ റിസർവ് ചെയർമാനായി ചുമതലയേൽക്കുന്ന കെവിൻ വാഷിന്റെ ധന നയത്തിലെ ആശങ്കയും സ്വർണം, വെള്ളി എന്നിവ വിൽക്കാൻ നിക്ഷേപകരെ നിർബന്ധിതരാക്കി. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണം, വെള്ളി എന്നിവയുടെ വില പത്ത് ശതമാനം ഇടിഞ്ഞു.
ഈ സാഹചര്യം തുടർന്നാൽ വരും ദിവസങ്ങളിൽ സ്വർണവില പവന് ഒരു ലക്ഷം രൂപയിലും താഴെയെത്താൻ സാദ്ധ്യതയുണ്ടെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഗ്രാമിന് 280 രൂപയും കിലോഗ്രാമിന് 2,80,000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 300 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില് വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.



