കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 200 രൂപ കുറഞ്ഞു. 66,280 രൂപയാണ് ഇന്ന് സ്വർണത്തിന്റെ വില. 66,480 രൂപയിലാണ് കഴിഞ്ഞ ദിവസം സ്വർണവ്യാപാരം നടന്നത്. മൂന്ന് ദിവസങ്ങളിലായി 2,200 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വെള്ളിയാഴ്ച പവന് 1,280 രൂപയും ശനിയാഴ്ച 720 രൂപയും കുറഞ്ഞ് 68,000ത്തിൽ നിന്ന് 66,000ത്തിലേക്ക് വില കൂപ്പുകുത്തിയിരുന്നു. ഈ മാസം 3ന് സ്വർണവില സർവകാല റെക്കോർഡായ 68,480ലെത്തിയിരുന്നു.
ഗ്രാമിന് 25 രൂപ കുറഞ്ഞ് വില 8,285 ആയി. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളിലായി സ്വർണവിലയിലുണ്ടായത്. ട്രംപിന്റെ അധിക താരിഫ് നയം പുറത്തു വന്നതോടുകൂടി സ്വർണവില കുത്തനെ ഉയർന്നിരുന്നു. എന്നാൽ പിന്നീട് ഇടിവ് രേഖപ്പെടുത്തുന്നതാണ് കണ്ടത്.
24 കാരറ്റിന് പവന് 72,304 രൂപയും ഗ്രാമിന് 9,038 രൂപയുമാണ് വില. 18 കാരറ്റിന് പവന് 54,232 രൂപയും ഗ്രാമിന് 6,779 രൂപയുമാണ് വില. പണിക്കൂലിയടക്കം ഒരു പവൻ സ്വർണം വാങ്ങാൻ 70,000 രൂപയിലധികം നൽകേണ്ടി വരും. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില 5 ദിവസങ്ങൾ കൊണ്ട് വർധിച്ച് മാർച്ച് 18ന് 66,000 കടന്നു. ഏപ്രിൽ ഒന്നിനാണ് പവൻ വില ആദ്യമായി 68,000 കടന്നത്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയുദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്.