കെഎസ്‌ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസിൽ വച്ച് പെൺകുട്ടിക്ക് നേരെ സഹയാത്രികൻ ലൈംഗികാതിക്രമം നടത്തുന്നതിന്റെ വീഡിയോ പുറത്ത്. വെള്ളറട ഡിപ്പോയിലെ ബസിൽ വച്ചായിരുന്നു സംഭവം. ബസ് കാട്ടാക്കട ഭാഗത്തെത്തിയപ്പോഴാണ് അതിക്രമം നടന്നത്. അടുത്തിരുന്ന യാത്രക്കാരൻ ബാഗ് മറച്ചുവച്ച് പെൺകുട്ടിയുടെ ശരീരത്തിൽ പിടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഇതിന്റെ വീഡിയോ പകർത്തിയ പെൺകുട്ടി അയാളുടെ കൈ തട്ടിമാറ്റിയ ശേഷം അക്രമിയെ അടിക്കുകയും ചെയ്‌തു. ഇങ്ങനെയാണോ ബസിൽ പെരുമാറുന്നതെന്ന് പെൺകുട്ടി ചോദിച്ചു. തന്നെ ഉപദ്രവിച്ചുവെന്നും ഇയാളെ ഇറക്കിവിടണമെന്നും അല്ലെങ്കിൽ ബസ് പൊലീസ് സ്റ്റേഷനിലേക്ക് പോകണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. എന്നാൽ, ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ആരുംതന്നെ പ്രതികരിക്കാൻ തയ്യാറായില്ലെന്നത് വീഡിയോയിൽ വ്യക്തമാണ്.

തുടർന്ന് കണ്ടക്‌ടർ എത്തി ബസ് നിർത്തി പെൺകുട്ടിയെ ഉപദ്രവിച്ചയാളെ ഇറക്കിവിടുകയായിരുന്നു.പെൺകുട്ടിക്ക് പരാതി ഇല്ലാത്തതിനാലാണ് വിവരം പൊലീസിൽ അറിയിക്കാതിരുന്നതെന്നാണ് കെഎസ്‌ആർടിസി അധികൃതർ പറയുന്നത്. കാട്ടാക്കട പൊലീസിൽ ഇതുവരെ ഇതേക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ല. തിരുവനന്തപുരം – വെള്ളറട റൂട്ടിലെ ബസിലായിരുന്നു സംഭവം. ഇരുവരും കാട്ടാക്കടയിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *